പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ പൗരത്വ ബിൽ ലോക്സഭ പാസാക്കി

By Web TeamFirst Published Jan 8, 2019, 5:30 PM IST
Highlights

 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. സര്‍ക്കാരിന്റെ നീക്കം 1985 അസ്സം ഉടമ്പടിയുടെ ലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികളടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ദില്ലി: പാര്‍ലമെന്റിന് പുറത്ത് അസം പ്രതിഷേധം കനക്കുന്നതിനിടെ പൗരത്വ ബില്‍ ലോക് സഭ പാസാക്കി. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ന്യൂനപക്ഷങ്ങള്‍, ഹിന്ദുക്കള്‍, സിക്ക്, ബുദ്ധമതം, ജൈനന്‍മാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 1985ലെ പൗരത്വ നിയമത്തെ ഭേദഗതി ചെയ്യാന്‍ തീരുമാനമായത്. 

1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. സര്‍ക്കാരിന്റെ നീക്കം 1985 അസ്സം ഉടമ്പടിയുടെ ലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികളടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

അസം ഉടമ്പടിക്ക് ബിൽ വിരുദ്ധമാണെന്ന വാദവുമായി അസം സ്വദേശികള്‍ ഇന്നലെ നഗ്ന പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ അസമിലെ ജനങ്ങള്‍ക്കെതിരാണ് പ്രസ്തുത ബില്‍ എന്ന പ്രതിപക്ഷത്തിന്‍റെ വ്യാജപ്രചരണമാണെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചിരുന്നു. പൗരത്വബില്ലിന്‍റെ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്നാവശ്യപ്പെട്ടാണ് അവര്‍ സഭ വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസാണ് ബില്ലിനെ എതിര്‍ത്ത മറ്റൊരു പ്രമുഖ കക്ഷി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്ലിനെതിരായ ജനവികാരം ശക്തമാണ്. 

അസമില്‍ പൗരത്വ രജിസ്റ്റര്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ചുരുങ്ങിയത് 10 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതായേക്കും. പൗരത്വ രജിസ്റ്ററിന്‍റെ കരടില്‍ ഇടം നേടാതെ പോയ 40 ലക്ഷം പേരില്‍ 30 ലക്ഷം പേര്‍ മാത്രമാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്.  3.29 കോടി വരുന്ന ആസാമിലെ ജനസംഖ്യയില്‍ 40.07 ലക്ഷം പേരെ ഉള്‍പ്പെടാതെയായിരുന്നു കഴിഞ്ഞ സെപ്റ്റബര്‍ 25 ന് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്‌. ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ രാജേന്ദ്ര അഗര്‍വാള്‍ പൗരത്വ രജിസ്റ്റര്‍ ബില്‍ വെയ്ക്കാനായി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് എത്തി.  തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു
 

click me!