പ്രതിപക്ഷ ബഹളം; മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ്ചത്തേക്ക് മാറ്റി

By Web DeskFirst Published Mar 16, 2018, 9:17 PM IST
Highlights

കാവേരി വിഷയം ഉയര്‍ത്തി ഈ സമയം അണ്ണാ ഡിഎംകെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വയ്‌ക്കുകയായിരുന്നു.

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും നല്കിയ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കുന്നത് ബഹളം കാരണം ലോക്‌സഭാ സ്‌പീക്കര്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രമേയത്തെ പിന്തുണയ്‌ക്കുമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷും തൃണമൂല്‍ കോണ്‍ഗ്രസും പ്രഖ്യാപിച്ചു. പ്രമേയത്തെ പിന്തുണയ്‌ക്കുമെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേനയും സൂചന നല്കി.

12 മണിക്ക് ലോക്‌സഭ ചേര്‍ന്നപ്പോഴാണ് ടിഡിപിയുടെ തോട്ടാ നരസിംഹനും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ സുബ്ബറെഡ്ഡിയും നല്കിയ അവിശ്വാസപ്രമേയ നോട്ടീസുകള്‍ സ്‌പീക്കര്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കാവേരി വിഷയം ഉയര്‍ത്തി ഈ സമയം അണ്ണാ ഡിഎംകെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വയ്‌ക്കുകയായിരുന്നു. പ്രമേയ നോട്ടീസിനെ പിന്തുണയ്‌ക്കുന്നു എന്ന് വ്യക്തമാക്കി സോണിയാഗാന്ധി ഉള്‍പ്പടെ 130ഓളം അംഗങ്ങള്‍ എഴുനേറ്റെങ്കിലും ബഹളത്തിനിടെ വോട്ടെടുപ്പ് സാധ്യമല്ലെന്ന് വ്യക്തമാക്കി സ്‌പീക്കര്‍ തിങ്കളാഴ്ച വരെ സഭ നിറുത്തി വയ്‌ക്കുകയായിരുന്നു. 

പ്രമേയത്തെ പിന്തുണയ്‌ക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും രാവിലെ തീരുമാനിച്ചിരുന്നു. കാവേരി വിഷയത്തിലാണെങ്കില്‍ പ്രമേയത്തെ പിന്തുണയ്‌ക്കാം എന്നായിരുന്നു അണ്ണാ ഡി.എം.കെ നിലപാട്. ശിവസേനയുടെ ചാഞ്ചാട്ടവും കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്നുണ്ട്. അന്തിമനിലപാട് സേന പ്രഖ്യാപിച്ചിട്ടില്ല. നോട്ടീസ് വോട്ടിനിടാത്ത സ്‌പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും കുറ്റപ്പെടുത്തി. 272 അംഗങ്ങള്‍ ബിജെപിക്ക് മാത്രം സഭയില്‍ ഉള്ളതിനാല്‍ പ്രമേയം അവതരിപ്പിച്ചാലും സര്‍ക്കാരിന് ഭീഷണിയില്ല.

click me!