ഒരു ലക്ഷം രൂപ ലോട്ടറിയടിച്ചു; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുടുംബം

By Web TeamFirst Published Aug 29, 2018, 11:13 AM IST
Highlights

നിർമൽ ലോട്ടറിയുടെ മൂന്നാം സമ്മാനത്തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാണ് ഹംസയും കുടുംബവും ദുരിതബാധിതർക്ക് പിന്തുണ നൽകുന്നത്. 


കൊല്ലം: അപ്രതീക്ഷിതമായി തന്നത്തേടിയെത്തിയ ഭാ​ഗ്യദേവതയെ പ്രളയബാധിതർക്ക് കൈമാറി വ്യത്യസ്തനാകുകയാണ് കൊല്ലം അഞ്ചൽ സ്വദേശി ഹംസ. നിർമൽ ലോട്ടറിയുടെ മൂന്നാം സമ്മാനത്തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാണ് ഹംസയും കുടുംബവും ദുരിതബാധിതർക്ക് പിന്തുണ നൽകുന്നത്. ലോട്ടറി ഏജന്റും വിൽപ്പനക്കാരനുമാണ് ഹംസ. പ്രളയത്തിലകപ്പെട്ടവരെ എങ്ങനെയാണ് സഹായിക്കാൻ സാധിക്കുക എന്ന് ചിന്തിച്ചിരിക്കവേയാണ് തനിക്ക് ഇങ്ങനെയൊരു ഭാ​ഗ്യം വന്നതെന്ന് ഹംസ പറയുന്നു.

സമ്മാനാർഹമായ ടിക്കറ്റ് ഹംസയും ഭാര്യ സോണിയയും മക്കളായ ഹന്നാ ഫാത്തിമ, ഹാദിയ എന്നിവരും ഒന്നിച്ചെത്തിയാണ് മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയത്. തുക ​ദുരിതബാധിതർക്ക് നൽകാമെന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്ന് ഹംസ പറയുന്നു. പ്രളയമേഖലകളിൽ ഇനിയും തനിക്ക് കഴിയുന്ന സഹായങ്ങൾ എത്തിക്കാൻ തയ്യാറാണെന്നും ഹംസ കൂട്ടിച്ചേർക്കുന്നു. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യം കൂടിയാണ് ഹംസ. 

click me!