രാജീവ് ഗാന്ധി വധത്തിൽ പങ്കില്ലെന്ന് എൽ ടി ടി ഇ; അന്വേഷണം വേണമെന്നും ആവശ്യം

By Web TeamFirst Published Dec 3, 2018, 10:40 AM IST
Highlights

ശ്രീലങ്കൻ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ് എന്നും എൽടിടിഇ പോരാടിയിട്ടുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രിയെയും നേതാക്കളെയും അക്രമിക്കേണ്ട ആവശ്യം തങ്ങൾക്കില്ല. ശ്രീലങ്കൻ ഭരണകൂടത്തിന്റെ ഗൂഢാലോചനയാണ് കേസിൽ തങ്ങളെ പ്രതികളാക്കിയതെന്നും എൽടിടിഇ നേതാക്കൾ പ്രസ്താവനയിൽ പറയുന്നു

കൊളംബൊ: രാജീവ് ഗാന്ധി വധത്തിൽ പങ്കില്ലെന്ന പ്രസ്താവനയുമായി എൽ ടി ടി ഇ രംഗത്ത്. 1991 മേയ് മാസം 21 ാം തിയതിയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജീവ് ശ്രീപെരുംപുത്തൂരിൽ വച്ച് വധിക്കപ്പെടുന്നത്. തമിഴ് പുലികൾ എന്നറിയപ്പെട്ടിരുന്ന എൽ ടി ടി ഇ നേതാക്കളായിരുന്നു സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

എന്നാൽ രാജീവ് വധത്തിൽ പങ്കില്ലെന്ന അവകാശവാദമാണ് ഇപ്പോൾ എൽ ടി ടി ഇ മുന്നോട്ട് വയ്ക്കുന്നത്. എൽ ടി ടി ഇ യുടെ രാഷ്ട്രീയ കാര്യ വക്താവ് കുർബുരൻ ഗോസ്വാമിയും നിയമ കാര്യ വക്താവ് ലതൻ ചന്ദ്രലിംഗം എന്നിവർ ഒപ്പിട്ട പ്രസ്താവനയിലൂടെയാണ് പുതിയ അവകാശവാദം.

ശ്രീലങ്കൻ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ് എന്നും എൽടിടിഇ പോരാടിയിട്ടുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രിയെയും നേതാക്കളെയും അക്രമിക്കേണ്ട ആവശ്യം തങ്ങൾക്കില്ല. ശ്രീലങ്കൻ ഭരണകൂടത്തിന്റെ ഗൂഢാലോചനയാണ് കേസിൽ തങ്ങളെ പ്രതികളാക്കിയതെന്നും എൽടിടിഇ നേതാക്കൾ പ്രസ്താവനയിൽ പറയുന്നു. രാജീവ്ഗാന്ധിക്ക് തങ്ങളുമായി രഹസ്യബന്ധമുണ്ടായിരുന്നതായും അവർ കൂട്ടിച്ചേർത്തിട്ടുണ്ട്.

രാജീവ് വധക്കേസുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയാൽ ഇക്കാര്യംബോധ്യപ്പെടുമെന്നും എൽടിടിഇ അഭിപ്രായപ്പെട്ടു. എൽ ടി ടി ഇയുടെ വളർച്ചയിൽ ഭയപ്പെട്ട ശ്രീലങ്കൻ ഭരണകൂടത്തിന്റെ ഗൂഢാലോചനയാകാം രാജീവ് വധത്തിന് പിന്നിലെന്നും അവർ പറയുന്നു.

click me!