
തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെ അക്രമിച്ച സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. കൊട്ടാരക്കരയിൽ നിന്ന് പത്തനാപുരത്തേക്കുള്ള യാത്രക്കിടെയാണ് ഷാഹിദാ കമാലിനുനേരെ ഹർത്താലനുകൂലികളുടെ ആക്രമണമുണ്ടായത്.
ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്തതിന്‍റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നെ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തതെന്ന് ഷാഹിദ കമാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കന്യാസ്ത്രീയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തനാപുരത്തെ മഠത്തിലേക്ക് പോകുകയായിരുന്നു ഷാഹിദ കമാല്‍. ഇതിനിടയിലാണ് റോഡില്‍ വച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടയുന്നത്. ആരായാലും കാറിപ്പോള്‍ കടത്തി വിടില്ലെന്നായിരുന്നു വണ്ടി തടഞ്ഞവരുടെ നിലപാട്.
കാറിന്‍റെ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്താന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതു ചെയ്തില്ല. ഇതോടെ ഇവര്‍ വണ്ടിയുടെ മുന്നിലെ ഗ്ലാസ് അടിച്ചു തകത്തു. തന്നെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്തുവെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പത്തനാപുരം പൊലീസാണ് പിന്നീട് ഷാഹിദാ കമാലിനെ ഇവിടെ നിന്നും കടത്തി വിട്ടത്. സിപിഎം പ്രവര്‍ത്തകരും ഇവിടേക്ക് എത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഷാഹിദാ കമാല്‍ നേരത്തെ കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ്. പിന്നീട് അവര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുകയായിരുന്നു.
അതേസമയം, ഷാഹിദ കമാലിന്‍റെ വാഹനം ചീറി പാഞ്ഞുവരുകയായിരുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം.ഹസ്സന്‍ പറഞ്ഞു. വാഹനം തടയുക മാത്രമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തതെന്നും പ്രശാനമുണ്ടായക്കിയത് ഷാഹിദ കമാലെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam