
തിരുവനന്തപുരം:ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയിലെ അന്വേഷണം വൈകുന്നത് നീതി നിഷേധിക്കലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകളടക്കമുള്ളവര്‍ കൊച്ചിയിലെ സമരപ്പന്തലിലെത്തിയ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം. സ്ത്രീകളുടെ കണ്ണീരുവീണ് നാട് നശിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കില്ലെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാരാണിതെന്നും ജോസഫൈന്‍ പറഞ്ഞു.
സ്ത്രീ പീഡന പരാതികളില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സെക്രട്ടേറിയേറ്റ് ധര്‍ണ നടത്തുമെന്ന് മഹിളാ കോണ്‍ഗ്രസ് അറിയിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി. കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിക്കാന്‍ വൈകിയെത്തിയതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസവും തുടരുകയാണ്.ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹികളായ ജോസ് ജോസഫ്, സ്റ്റീഫൻ എന്നിവരാണ് രണ്ടാം ദിവസം കൊച്ചിയില്‍ നിരാഹാരമിരിക്കുന്നത്. വൈദികരുള്‍പ്പടെ നിരവധിയാളുകള്‍ പിന്തുണയുമായെത്തുമെന്നാണ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് ഇപ്പോഴത്തെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam