
പാലക്കാട്: പി.കെ.ശശി എംഎൽഎ നയിക്കുന്ന കാൽനട ജാഥയുടെ ആദ്യ ദിനത്തിലെ സമാപന സമ്മേളനത്തിൽ നിന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ പിന്മാറി. ചെർപ്പുളശ്ശേരിയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടത് ചന്ദ്രനായിരുന്നു.
ആരോപണവിധേയനായ ശശിക്കെതിരെ പാർട്ടി വേദികളിൽ രൂക്ഷ വിമർശനം ഉന്നയിച്ച വ്യക്തിയാണ് ചന്ദ്രൻ. പി.കെ. ശശിക്കെതിരായ പാർട്ടിയിലെ എതിർപ്പ് പ്രകടമാക്കുന്നതാണ് സംസ്ഥാന കമ്മിറ്റി അംഗമായ എം. ചന്ദ്രന്‍റെ പിന്മാറ്റം. ചെർപ്പുളശ്ശേരിയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ജില്ലാ നേതൃത്വം ചുമതലപ്പെടുത്തിയത് എം ചന്ദ്രനെയായിരുന്നു.
എന്നാൽ, ജില്ലയിൽ ഉണ്ടായിട്ടും അദ്ദേഹം പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ഒടുവിൽ ജാഥാ ക്യാപ്റ്റനായ പി.കെ. ശശി തന്നെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ആരോപണ വിധേയനായ ശശിയെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ച പാർട്ടി തീരുമാനത്തിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിലടക്കം ചന്ദ്രൻ വിമർശനം ഉന്നയിച്ചിരുന്നു.
എന്നാൽ, ശശിയെ ഒഴിവാക്കാൻ ജില്ലാ നേതൃത്വം തയ്യാറാകാത്തതിൽ ചന്ദ്രനടക്കമുള്ള നേതാക്കൾക്ക് അമർഷം ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതിയിൽ ശശിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതി പരിഗണിക്കുന്നുണ്ട്.
ഒരു വിഭാഗം പ്രവത്തകരുടെയും നേതാക്കളുടെയും എതിർപ്പ് മറികടന്ന് പി.കെ. ശശിയെ ജാഥാ ക്യാപ്റ്റനാക്കിയ ജില്ലാ നേതൃത്വന്‍റെ നടപടി അടക്കം ചർച്ചയാകും. പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരും വരെ ശശിയെ മാറ്റിനിർത്തേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam