
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടെ നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെയും വിവിധ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കല്കടർ പിബി നൂഹ് നിരോധനാജ്ഞ നീട്ടിയത്. എന്നാൽ ഭക്തർ സംഘമായി എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നിരോധനാജ്ഞയെ തുടർന്ന് തടസ്സമുണ്ടാകില്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം യുഡിഎഫും ബിജെപിയും ശക്തമാക്കുന്നതിനിടെയാണ് 26 വരെ നിരോധാനജ്ഞ തുടരാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരിക്കുന്നത്. യുവതി പ്രവേശന വിധി വന്നശേഷം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 84 കേസുകൾ രജിസ്റ്റർ ചെയ്തതും മണ്ഡലമാസ പൂജ തുടങ്ങിയതിന് ശേഷം 72 പേരെ അറസ്റ്റ് ചെയ്തതും നിരോധനാജ്ഞ തുടരണമെന്ന ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
സന്നിധാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിയമിച്ചിട്ടുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാരും ഇക്കാര്യം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം തുലാമാസ പൂജാ വേളയിലും ചിത്തിര ആട്ടവിശേഷസമയത്തും നടന്ന അക്രമസംഭവങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ തുടരുന്നതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ ബാധകമായിരിക്കും.എന്നാൽ തീർത്ഥാടകർ സംഘമായി വനാഹനങ്ങളിൽ എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ല.
അതിനിടെ ശബരിമല വിവാദം തുടരുന്നതിനിടെ മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി. അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പൊലീസിനെതിരെ ഉന്നയിച്ച് പരാതിയും ചർച്ചയായെന്ന് രാജ്ഭവൻ ഇറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. നിരോധനാജ്ഞക്കും നിയന്ത്രണങ്ങൾക്കും എതിരെ ലഭിച്ച പരാതികളും ഗവർണ്ണർ അറിയിച്ചു.
പമ്പയിലെയും നിലക്കലിലെയും അടിസ്ഥാന സൗകര്യങ്ങൾ കൂട്ടേണ്ട കാര്യവും ചർച്ചയായി. ചർച്ചയായ വിഷയങ്ങളിൽ വൈകാതെ ഉചിതമായ തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി നൽകിയ ഉറപ്പ്. നേരത്തെ പ്രതിപക്ഷ നേതാവും നിരോധനാജ്ഞ പിൻവലിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ശബരിമലയിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണെന്ന വിലയിരുത്തലിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നാല് ദിവസമാക്കി ചുരുക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam