
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും ലോക്സഭാംഗവുമായ എംഐ ഷാനവാസിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ പത്തരക്ക് കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടക്കുക. എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം ഇന്നലെ രാത്രി എസ്.ആർ.എം റോഡിലെ വീട്ടിലേക്ക് മാറ്റിയിരുന്നു.
എകെ ആന്‍റണിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം ആയിരക്കണക്കിനാളുകള്‍ ഷാനവാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ആദരാഞ്ജലി അർപ്പിക്കാൻ ടൗൺഹാളിലെത്തിയിരുന്നു. കലൂര്‍ തോട്ടത്തുപടി പള്ളിയിലെ സംസ്കാര ചടങ്ങിന് ശേഷം ടൗൺഹാളിൽ അനുശോചന യോഗം ചേരും.
2009ലും 2014ലും വയനാട് ലോകസഭ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയ എംഐ ഷാനവാസ് സംസ്ഥാന കോണ്‍ഗ്രസിലെ മികച്ച സംഘാടകനായിരുന്നു. കെഎസ്‍യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷാനവാസ് കോണ്‍ഗ്രസിലെ കലുഷിതമായ ഗ്രൂപ്പ് യുദ്ധ കാലഘട്ടങ്ങളിലെ കരുത്തുറ്റ സാന്നിദ്ധ്യമായിരുന്ന. സഹപ്രവര്‍ത്തകര്‍ ഷാജിയെന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഷാനവാസിനെ എന്നും കോണ്‍ഗ്രസിലെ അടിയൊഴുക്കുകളെ നിയന്ത്രിച്ചിരുന്ന തന്ത്രശാലിയായാണ് രാഷ്ട്രീയ കേരളം കണ്ടത്.
ഐ ഗ്രൂപ്പിനൊപ്പമായിരുന്ന ഷാനവാസ് കെ മുരളീധരന്‍റെ രാഷ്ട്രീയ ഉദയത്തെ ചോദ്യം ചെയ്ത് രൂപംകൊണ്ട തിരുത്തല്‍വാദി സംഘത്തിലെ പ്രധാനിയായിരുന്നു. രമേശ് ചെന്നിത്തലക്കും ജി കാര്‍ത്തികേയനുമൊപ്പം കോണ്‍ഗ്രസിലെ തിരുത്തല്‍വാദ ശബ്ദമായിരുന്ന ഷാനവാസ് പതിറ്റാണ്ടുകളോളം കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാര്‍ട്ടി നിലപാടുകളെ ന്യായീകരിച്ചും വിമര്‍ശനങ്ങളെ പ്രതിരോധിച്ചും എംഐ ഷാനവാസ് അവസാന നാളുകള്‍വരെ പൊതു രംഗത്ത് സജീവമായിരുന്നു. മികച്ച പാര്‍ലമെന്‍റേറിയന്‍ എന്ന നിലയിലും ദേശീയ തലത്തിലും എംഐ ഷാനവാസ് ശ്രദ്ധേയനായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam