
കൊച്ചി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയുടെ പേരിൽ ജാഥ നടത്തുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നു എം ലീലാവതി. ഞാൻ വിധിയോട് പൂർണമായും യോജിക്കുന്നു, വിധി മതവിശ്വാസത്തിലുള്ള ഇടപെടലല്ല. ഒമ്പത് വയസ്സു മുതൽ അമ്പത് വയസ്സുവരെയുള്ളവർ ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്ന് പറയണമെങ്കിൽ ഭരണഘടനയിൽ സ്ത്രീകൾക്ക് തുല്യതയ്ക്ക് അവകാശമില്ല എന്നുണ്ടാകണം. തുല്യത നിലനിൽക്കുന്ന കാലത്തോളം ഇങ്ങനെയേ വിധിക്കാനാവൂ. ലീലാവതി ഒരു മാധ്യമത്തില്‍ നടത്തിയ അഭിപ്രായ പ്രകടനത്തില്‍ പറയുന്നു.
കേരളത്തിലെ മറ്റ‌് അയ്യപ്പക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെങ്കിൽ എന്തുകൊണ്ട് ശബരിമലയിലായിക്കൂടാ ? അവർ ചോദിച്ചു. മനുഷ്യ ബ്രഹ്മചാരികൾ സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ ചഞ്ചലചിത്തരാകുന്നതുപോലെ മനുഷ്യസ്ത്രീകളെ കണ്ടാൽ അയ്യപ്പന‌് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണ‌് എന്നും ലീലാവതി കൂട്ടിച്ചേർത്തു.
പണ്ടു പാലിച്ചുപോന്ന ആചാരങ്ങൾ അങ്ങനെ തന്നെ നിലനിൽക്കണമെന്ന് പറയുന്നത് ശരിയല്ല. താഴ‌്ന്ന ജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്ര ചൈതന്യവും ദേവചൈതന്യവും നഷ്ടപ്പെടുമെന്നായിരുന്നു മുമ്പ‌് മേൽജാതിക്കാരുടെ നിലപാട്. എന്നാൽ ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പും ശേഷവും ഗുരുവായൂരിൽ പോയ്ക്കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയിൽ ഈ വാദം ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അന്നത്തേതിന്റെ നൂറിരട്ടിയാളുകളാണ് ഇപ്പോൾ ഗുരുവായൂരെത്തുന്നത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നുണ്ട്. ആർത്തവ കാലമാണോ എന്ന‌് ആരും അവരെ പരിശോധിക്കുന്നില്ല. അതിന് കാരണം ഈ അവസ്ഥയിൽ ഒരു സ്ത്രീയും അതിന് മുതിരുകയില്ല എന്ന വിശ്വാസമാണ്. ശബരിമലയുടെ കാര്യത്തിൽ മാത്രം സ്ത്രീകളെ വിശ്വാസത്തിലെടുക്കാത്ത നിലപാടിനോട‌് യോജിക്കാനാവില്ല.എം ലീലാവതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam