പി.വി അന്‍വറിന്റെ പാര്‍ക്ക്;  ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് എം.എം. ഹസ്സന്‍

By Web DeskFirst Published Aug 22, 2017, 3:22 PM IST
Highlights

മലപ്പുറം: സിപിഎം എംഎല്‍എ പി.വി. അന്‍വറിന്റെ വിവാദ പാര്‍ക്കിന്റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന നിലമ്പൂരിലെ കൂടരഞ്ഞി പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റിനോടാണ് ഹസ്സന്‍ ഇക്കാര്യം നിര്‍ദ്ദേശിച്ചത്. 

നിയമം ലംഘിച്ചാണ് പി.വി. അന്‍വറിന്റെ പാര്‍ക്ക് സ്ഥാപിച്ചതെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യണണം. ഇക്കാര്യത്തില്‍ പഞ്ചായത്തിനോട് നിര്‍ദ്ദേശം നല്‍കുകയും കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ടെന്ന് ഹസ്സന്‍ പ്രതികരിച്ചു. വിഷയത്തില്‍ മണ്ഡലം കമ്മിറ്റി സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കി കൊണ്ടുള്ള വിശദീകരണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പി.വി അന്‍വര്‍ എം.എ.ല്‍എയുടെ പാര്‍ക്കിനെ കോണ്‍ഗ്രസ്സ് പ്രാദേശിക നേതൃത്വം പിന്‍തുണച്ചിരുന്നു. പാര്‍ക്കിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും പ്രാദേശിക നേതൃത്വം അന്‍വറിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇത് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

രേഖകളെല്ലാം പരിശോധിച്ച ശേഷമാണ്  പാര്‍ക്കിന് ലൈസന്‍സ് നല്‍കിയതെന്നാണ് പഞ്ചായത്ത് അവകാശപ്പെട്ടത്. എംഎല്‍എ ഹാജരാക്കിയ രേഖകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പഞ്ചായത്തിന് കര്‍ശന നിര്‍ദ്ദേശവുമായി എം.എം. ഹസ്സന്‍ രംഗത്ത് വന്നത്. അന്‍വറിനെതിരെ സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

click me!