
തിരുവനന്തപുരം: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി എം എം മണി. ഇത്ര നികൃഷ്ടമായി പെരുമാറുന്ന ഇവർ മനുഷ്യന്മാർ തന്നെയാണോ എന്ന ചോദ്യമാണ് എം എം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്.
ഒരു കൂസലുമില്ലാതെ പരസ്യമായി ഇങ്ങനെ ചെയ്യാൻ ഇവർക്ക് കഴിഞ്ഞത് മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന ഹുങ്കാണോയെന്ന് ചോദിച്ച സംസ്ഥാന വെെദ്യുതി മന്ത്രി ഗുജറാത്തിലെ ചോരക്കറ ഇപ്പോഴും പേറുന്ന മോദിയുടെ അനുയായികൾ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും കുറിച്ചു.
ഇതൊക്കെ കണ്ടിട്ടും മിണ്ടാട്ടമില്ലാതെ തുടരുന്ന കോണ്‍ഗ്രസിന് ഗാന്ധിജിയുടെ പേരേ വേണ്ടുവെന്നും ഗാന്ധിജിയെ വേണ്ട എന്നല്ലേ മനസ്സിലാക്കേണ്ടതെന്നും പറഞ്ഞാണ് മണിയുടെ കുറിപ്പ് അവസാനിക്കുന്നത്. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിൽ പ്രതീകാത്മകമായി വെടിയുതിർക്കുകയും കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായി പ്രദർശിപ്പിക്കുകയും ചെയ്തത്.
അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്. ഇതിന് പുറകേ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നടത്തി. ഹിന്ദു മഹാസഭ പ്രവർത്തകർ ഗോഡ്സെക്ക് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി നേരത്തെ പൊലീസ് അറിയിച്ചിരുന്നു.
എം എം മണിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം
രാഷ്ട്രപിതാവ് രക്തസാക്ഷിത്വം വഹിച്ച ജനുവരി മുപ്പത്, അദ്ദേഹത്തിന്റേയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ വീരമൃത്യു പൂകിയ ആയിരക്കണക്കിന് രക്തസാക്ഷികളുടേയും സ്മരണക്കു മുന്നിൽ ആദരവ് അർപ്പിച്ചുകൊണ്ടാണ് നാം ആചരിച്ചത്. ഇതേസമയം ഗാന്ധിജിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ചുകൊണ്ട് രാഷ്ട്ര പിതാവിനെ നിഷ്ഠൂരമായി കൊല ചെയ്ത ഗോഡ്സേക്ക് ജയ് വിളിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്ത് ആഘോഷിക്കുന്ന ചിലരെ കാണുകയുണ്ടായി. ഇത്ര നികൃഷ്ടമായി പെരുമാറുന്ന ഇവർ മനുഷ്യന്മാർ തന്നെയാണോ?
ഒരു കൂസലുമില്ലാതെ പരസ്യമായി ഇങ്ങിനെ ചെയ്യാൻ ഇവർക്ക് കഴിഞ്ഞത് മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന ഹുങ്കാണോ? ഗുജറാത്തിലെ ചോരക്കറ ഇപ്പോഴും പേറുന്ന മോദിയുടെ അനുയായികൾ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇതൊക്കെ കണ്ടിട്ടും മിണ്ടാട്ടമില്ലാതെ തുടരുന്ന കോണ്‍ഗ്രസിന് ഗാന്ധിജിയുടെ പേരേ വേണ്ടൂ, ഗാന്ധിജിയെ വേണ്ട എന്നല്ലേ മനസ്സിലാക്കേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam