വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു

By Web DeskFirst Published Aug 5, 2017, 7:12 PM IST
Highlights

ദില്ലി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡു ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 771 ആയിരുന്നു. വെങ്കയ്യ നായിഡുവിന് 516 വോട്ടുകള്‍ ലഭിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാലകൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകള്‍ ലഭിച്ചു. 11 വോട്ടുകള്‍ അസാധുവായി. 14 പേരാണ് വോട്ട് ചെയ്യാതിരുന്നത്. എയർ ഇന്ത്യ വിമാനം വൈകിയതിനാൽ മുസ്ലീം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിക്കും അബ്ദുൾ വഹാബിനും വോട്ടു ചെയ്യാനായില്ല. പകരം സംവിധാനം ഒരുക്കിയില്ലെന്ന് എംപിമാർ പറഞ്ഞു.

ഉപരാഷ്ട്രപതിയായി വിജയിച്ച വെങ്കയ്യ നായിഡുവിനെ അഭിനന്ദിച്ച് എതിര്‍സ്ഥാനാര്‍ത്ഥി ഗോപാൽ കൃഷ്ണ ഗാന്ധി. തോൽവി ആയാലും ജയമായാലും ആശയ സംഹിതയിൽ പ്രതിപക്ഷം വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഗുലാം നബി ആസാദ് സൂചിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ വോട്ട് ചോര്‍ന്നോ എന്ന കാര്യം ഒരോ പാര്‍ട്ടിയും പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ച്യൂരി പറ‌ഞ്ഞു.

ഇന്ത്യയുടെ രണ്ടാമത്തെ വലിയ പദത്തിൽ ഇനി മുപ്പവരപ്പു വെങ്കയ്യനായിഡു എന്ന എം വെങ്കയ്യ നായിഡു. ആകെ 771 എംപിമാരാണ് ഉപരാഷ്ട്പതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത്. 500 വോട്ടുകൾ വരെയാണ് ബിജെപി പ്രതീക്ഷിച്ചതെങ്കിലും 516 വോട്ടുകൾ  കിട്ടി. ഗോപാൽകൃഷ്ണ ഗാന്ധിക്കു 244 വോട്ടും. പതിനൊന്ന് എംപിമാർ വോട്ട് അസാധുവാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ജെഡിയു, ബിജു ജനതാദൾ എന്നീ പാർട്ടികൾ ഗോപാൽ ഗാന്ധിക്ക് ഒപ്പം വന്നിട്ടും വോട്ട് ചോർന്നത് പ്രതിപക്ഷ നേതാക്കളെ ഞെട്ടിച്ചു.

വെങ്കയ്യ നായിഡുവിന്റെ കർമ്മോത്സുകത രാഷ്ട്ര നിർമ്മാണത്തിന് സഹായകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രി പ്രതികരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും വെങ്കയ്യനായിഡുവിനെ അഭിനന്ദിച്ചു. വെള്ളിയാഴ്ച വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും ഗുലാംനബി ആസാദ്, സീതാറാം യെച്ചൂരി എന്നീ നേതാക്കൾക്കൊപ്പം മാധ്യമങ്ങളെ കണ്ട ഗോപാൽകൃഷ്ണ ഗാന്ധി തനിക്കൊപ്പം നിന്ന എംപിമാർക്ക് നന്ദി പറഞ്ഞു.

വോട്ടു ചെയ്യാത്ത 14 പേരിൽ മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടി പിവി അബ്ദുൾ വഹാബ് എന്നിവരുമുണ്ട്.  മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് 10.10 ന് തിരിക്കേണ്ടിയിരുന്ന എയർഇന്ത്യ വിമാനം സാങ്കേതിക പിഴവ് പറഞ്ഞ് 5 മണിക്കൂർ വൈകിച്ചെന്നും വോട്ടു ചെയ്യണം എന്ന് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പകരം സംവിധാനം ഒരുക്കിയില്ലെന്നും എംപിമാർ പരാതിപെട്ടു. അഞ്ച് പത്തിന് കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും പാർലമെന്റ് മന്ദിരത്തിൽ എത്തിയപ്പോഴേക്കും വോട്ടെടുപ്പ് സമയം കഴിഞ്ഞിരുന്നു. തൃണമൂലിന്റെ 3 എംപിമാരും വോട്ടു ചെയ്യാനെത്തിയില്ല

click me!