കൈവെട്ട് കേസ്; ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

By Web DeskFirst Published Aug 5, 2017, 7:02 PM IST
Highlights

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍റെ കൈവെട്ടിയകേസില്‍ ഒരാളെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മന്‍സൂറിനെയാണ് എന്‍ഐഎ പിടികൂടിയത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൈവെട്ട് കേസിലാണ് ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവർ‍ത്തകന്‍ ആലുവാ ചൂര്‍ണിക്കര സ്വദേശി മന്‍സൂറാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം വിവിധയിടങ്ങിലായി ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ മറ്റ് 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയായി ശിക്ഷ പ്രഖ്യാപിച്ചതിനാല്‍ അനുബന്ധ കുറ്റപത്രം സമര്ർ‍പ്പിച്ച് വിചാരണ നടത്താനാണ് എന്‍ഐഎയുടെ തീരുമാനം.

മതനിന്ദയുണ്ടാക്കുന്ന ചോദ്യപ്പേപ്പര്‍ തയാറാക്കി എന്നാരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളെജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനുനേരെ 2010ലാണ് ആക്രമണമുണ്ടായത്.  വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അധ്യാപകനെ വലിച്ചിറക്കി കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. 2011 ല്‍ എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുത്തു. ലോക്കല്‍ പോലീസിന്‍റെ അന്വേഷണത്തില്‍ 27 പ്രതികളെ പിടികൂടിയിരുന്നു. 2014 ഡിസംബറോടെ കൊച്ചി എന്‍ഐഎ കോടതിയില്‍ 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയായി. കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവും മൂന്ന് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.

click me!