മദനിയ്ക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി

By Web DeskFirst Published Jun 29, 2016, 9:08 PM IST
Highlights

ദില്ലി: പിഡിപി നേതാവ് അബ്ദുൾ നാസര്‍ മദനിക്ക് രോഗബാധിതയായ അമ്മയെ കാണാൻ കേരളത്തിലേക്ക് പോകാമെന്ന് സുപ്രീംകോടതി. പോകേണ്ട സമയം വിചാരണ കോടതിയുടെ അനുമതിയോടെ തീരുമാനിക്കാം. വിചാരണ കോടതിയിൽ എല്ലാ ദിവസവും ഹാജരാകുന്നതിൽ നിന്നും മദനിയെ ഒഴിവാക്കി. കേരളത്തിലേക്ക് പോയാൽ സാക്ഷികളെ സ്വാധിച്ച് കേസ് അട്ടിമറിക്കാൻ അബ്ദുൾ നാസർ മദനി ശ്രമിക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളിയാണ് സുപ്രീംകോടതിയുടെ തീരുമാനം.

രോഗബാധിതയായ അമ്മയെ കാണാൻ രണ്ടുമാസത്തിലൊരിക്കൽ കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം. അത് അംഗീകരിച്ചുകൊണ്ടാണ് വിചാരണ കോടതിയുടെ അനുമതിയോടെ മദനിക്ക് കേരളത്തിലേക്ക് പോകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. അമ്മയുടെ രോഗ വിവരങ്ങൾ മദനി വിചാരണ കോടതിയെ അറിയിക്കണമെന്നും കേരളത്തിലേക്ക് പോകുന്ന തിയതി സംബന്ധിച്ച കാര്യങ്ങളും വിചാരണ കോടതിയുടെ അനുമതിയെ തീരുമാനിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിചാരണ വേളയിൽ എല്ലാദിവസവും മദനി കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ആവശ്യമെങ്കിൽ മാത്രം മദനി ഇനി കോടതിയിൽ എത്തിയാൽ മതി, അല്ലാത്ത ദിവസങ്ങളിൽ മദനിയുടെ അഭിഭാഷകൻ കോടതിയിൽ ഉണ്ടായാൽ മതി. ബംഗലൂരു സ്ഫോടന കേസുകളുടെ വിചാരണ ഒരു വര്‍ഷത്തികം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി നൽകി. എല്ലാ കേസുകളിലും ഒന്നിച്ച് വിചാരണ നടത്തണമെന്ന അപേക്ഷയിൽ തീരുമാനമെടുക്കുന്നത് കോടതി മാറ്റിവെച്ചു.

click me!