നാല് മാസങ്ങൾക്കുള്ളിൽ ആയിരം ഗോശാലകൾ പണിയുമെന്ന് മധ്യപ്രദേശ് സർക്കാർ

By Web TeamFirst Published Jan 30, 2019, 3:04 PM IST
Highlights

മധ്യപ്രദേശിൽ 614 സ്വകാര്യ ഗോശാലകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ സർക്കാരിന്റെ കീഴിൽ ഒരു ഗോശാല പോലും ഇല്ലെന്നും കമല്‍ നാഥ് പറഞ്ഞു. 

ഭോപ്പാൽ: പശുക്കളുടെ സംരക്ഷണത്തിന് യുപി സർക്കാർ വിവധ പദ്ധതികൾ നടപ്പാക്കിയതിന് പിന്നാലെ മധ്യപ്രദേശ് സർക്കാരും രംഗത്ത്. അടുത്ത നാല് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആയിരം ഗോശാലകള്‍ പണിയുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഏകദേശം ഒരുലക്ഷത്തോളം പശുക്കളേയും പശുക്കുട്ടികളേയും ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന തരത്തിലാകും ഇത് പണിയുകയെന്ന് മുഖ്യമന്ത്രി കമല്‍ നാഥ് പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെയും സർക്കാരിന്റെ കീഴിൽ ഒരു ഗോശാല പോലും ഇല്ലായിരുന്നു. ഗോശാല നടപ്പാക്കുന്നതിലൂടെ നിയമസഭാ  തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുകൂടി പൂര്‍ത്തീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക വികസന വിഭാഗമായിരിക്കും പദ്ധതിയുടെ മേൽനോട്ട ചുമതല. ഇവരെ കൂടാതെ ഗ്രാമപഞ്ചായത്തുകള്‍, സ്വയം സഹായ സംഘങ്ങള്‍, സംസ്ഥാന ഗോ സംരക്ഷണ ബോര്‍ഡിനു കീഴിനുള്ള സംഘടനകള്‍, ജില്ലാ കമ്മിറ്റികള്‍ തെരഞ്ഞെടുത്ത സംഘടനകള്‍ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാകും. 

മധ്യപ്രദേശിൽ 614 സ്വകാര്യ ഗോശാലകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ സർക്കാരിന്റെ കീഴിൽ ഒരു ഗോശാല പോലും ഇല്ലെന്നും കമല്‍ നാഥ് പറഞ്ഞു. അതേസമയം പശു സംരക്ഷണം കോൺഗ്രസ്സിന് വെറും അധരവ്യായാമം മാത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജ്യത്തെ ഏക ഗോ സങ്കേതമായ സലേറിയയില്‍ തണുപ്പും വിശപ്പും മൂലം 50 പശുക്കളാണ് ചത്തൊടുങ്ങിയതെന്ന് ബിജെപി നേതാവ് രാകേഷ് സിങ് പറഞ്ഞു.
 

click me!