
മുംബൈ: ചോദ്യോത്തരവേള ചിത്രീകരിച്ചത് ഇഷ്ടമാകാത്തതിനെ തുടർന്ന് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യാൻ മന്ത്രിയുടെ ഉത്തരവ്. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസമന്ത്രിയും ബി ജെ പി നേതാവുമായ വിനോദ് താവ്‌ഡേയാണ് യുവരാജ് ദഭാഡേ എന്ന ബിരുദ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. അമരാവതിയിലെ ഒരു കോളേജിൽ ഡിബേറ്റ് മത്സരത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു മന്ത്രി.
'പഠനചെലവുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകാൻ സർക്കാർ നടപടിയെടുക്കുമോ?' എന്നതായിരുന്നു പ്രശാന്ത് റാത്തോഡ് എന്ന വിദ്യാർത്ഥിയുടെ ചോദ്യം. എന്നാൽ പഠിക്കാൻ സാധിച്ചില്ലെങ്കിൽ എന്തെങ്കിലും പണിക്ക് പോയി പണം സമ്പാദിക്കാൻ നോക്കൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇത് യുവരാജ് തന്റെ ഫോണിൽ ചിത്രീകരിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മന്ത്രി ചിത്രീകരണം നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും യുവരാജ് അതിന് കൂട്ടാക്കിയില്ല. ഇതിൽ രോഷം പൂണ്ട മന്ത്രി യുവരാജിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനോട് ഉത്തരവിട്ടു. ശേഷം ഒരുമണിക്കൂറോളം യുവരാജിനെ കസ്റ്റഡിയിൽ വെക്കുകയും ദൃശ്യങ്ങൽ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ താൻ ആരെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിബേറ്റ് ചിത്രീകരിച്ച വിദ്യാർത്ഥിയോട് അകത്ത് വന്നിരുന്ന് ചർച്ചയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും താവ്‌ഡേ പറയുന്നു. അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി. വിദ്യാഭ്യാസത്തെ കുറിച്ചും തൊഴിലിനെ കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുന്നതിനോട് മന്ത്രിമാർക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് ആദിത്യ ട്വീറ്റ് ചെയ്തു. ഇതോടെ വിദ്യാർത്ഥികൾ പ്രതിഷേധപ്രകടനങ്ങളുമായി രംഗത്തെത്തുകയും മന്ത്രിയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളിൽ കരിപൂശുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam