സര്‍ക്കാരിന്‍റെ പച്ചക്കൊടി; മഹാരാഷ്ട്രയില്‍ ഇനി ഓര്‍ഡര്‍ ചെയ്താല്‍ മദ്യം വീട്ടിലെത്തും

By Web TeamFirst Published Oct 14, 2018, 9:06 PM IST
Highlights

ഇന്‍റര്‍നെറ്റിലൂടെ സാധനങ്ങള്‍ വില്‍ക്കുന്നതിലും വാങ്ങുന്നതിലും പരിചിതമായ കമ്പനികള്‍ പുതിയ പദ്ധതിയിലേക്ക് എത്തുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുക്കൂട്ടല്‍

മുംബെെ: മദ്യത്തിന്‍റെ ഓണ്‍ലെെന്‍ വില്‍പ്പനയ്ക്കും ഹോം ഡെവിവറിക്കും മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ അനുമതി. മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരമായാണ് ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ച് വീട്ടില്‍ മദ്യം എത്തിച്ച് നല്‍കുന്ന രീതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മദ്യപിച്ച് വാഹനം ഓടിക്കുന്ന രീതി പൂര്‍ണമായി അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എക്സെെസ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ പിടിഐയോട് പറഞ്ഞു. എന്നാല്‍, എന്ന് മുതല്‍ ഈ രീതി സംസ്ഥാനത്ത് നടപ്പാക്കുമെന്നുള്ള കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല.

മദ്യം വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിയിലൂടെ വലിയ വരുമാന കുതിപ്പും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇന്‍റര്‍നെറ്റിലൂടെ സാധനങ്ങള്‍ വില്‍ക്കുന്നതിലും വാങ്ങുന്നതിലും പരിചിതമായ കമ്പനികള്‍ പുതിയ പദ്ധതിയിലേക്ക് എത്തുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുക്കൂട്ടല്‍.

ദേശീയ പാതയില്‍ ബിവറേജസ് ഔട്ട്‍ലറ്റുകള്‍ പൂട്ടണമെന്നുള്ള സുപ്രീം കോടതി ഉത്തരവ് വന്നതോടെ 3000 ഔട്ട്‍ലറ്റുകളാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാരിന് അവസാനിപ്പിക്കേണ്ടി വന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി. ഇതെല്ലാം മറികടക്കുന്നതിന് പുതിയ സംവിധാനം സഹായകമാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.

പുതിയ രീതി നടപ്പായാല്‍ മദ്യത്തിന് ഹോം ഡ‍െലിവറി ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും മഹാരാഷ്ട്ര. പക്ഷേ, സര്‍ക്കാരിന്‍റെ പുതിയ തീരുമാനം വന്നതോടെ പ്രതിഷേധവുമായി മദ്യനിരോധനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. 

click me!