
മുംബൈ: സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഉയരമുളള രാമ പ്രതിമ നിര്‍മിക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് വെല്ലുവിളിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. നിലവില്‍ രാജ്യത്തെ ഏറ്റവും ഉയരമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയേക്കാള്‍ വലിയ രാമപ്രതിമ നിര്‍മ്മിക്കുമെന്നായിരുന്നു യോഗി ആദിത്യ നാഥിന്റെ പ്രസ്താവന. എന്നാല്‍ ഛത്രപതി ശിവജിയുടെ പ്രതിമയുടെ ഉയരം കൂട്ടി നിര്‍മിക്കുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഛത്രപതി ശിവജി സ്മാരക പദ്ധതി പൂർത്തീകരണ നിരീക്ഷണ കോർഡിനേഷൻ സമിതിയുടെ ചെയർമാനായ വിനായക് മീതെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 212 മീറ്റർ ഉയരമുള്ള ശിവാജി പ്രതിമ നിർമ്മിക്കാനായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം. എന്നാൽ ഉത്തർപ്രദേശ് സർക്കാർ രാമപ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചതോടെയാണ് ശിവാജി പ്രതിമയുടെ ഉയരം 212ൽ നിന്ന് 230 മീറ്ററാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിനായക് മീതെ വ്യക്തമാക്കി. രാമ പ്രതിമ നിർമ്മാണത്തിന്റെ ഔദ്യോഗിക ഉത്തരവ് യു പി സർക്കാർ പുറത്ത് വിട്ട ശേഷം ശിവാജി പ്രതിമയുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നും വിനായക് ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
അറബിക്കടലിലാണ് ഛത്രപതി ശിവാജിയുടെ പ്രതിമ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. ശിവാജിയുടെ രൂപം, കുതിര, വാൾ, അതു നിൽക്കുന്ന പ്ലാറ്റ്ഫോം എന്നിവ അടങ്ങുന്നതാണ് പ്രതിമയുടെ നിലവിലെ ഉയരമായ 212 മീറ്റർ. വാളിന്റെ ഉയരം 38 മീറ്ററും പ്രതിമയുടെ ഉയരം 83.2 മീറ്ററുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ആഴക്കടലിൽ പ്രത്യേക ദ്വീപ് പോലെ ക്രമീകരിച്ച് നാലു വശവും ശിവാജിയുടെ കോട്ടയെ അനുസ്മരിപ്പിക്കുന്ന മതിൽ തീർത്താണ് അതിനകത്ത് പ്രതിമ സ്ഥാപിക്കുന്നത്. സന്ദർശക ജെട്ടി, സന്ദർശകരുടെ വിശ്രമകേന്ദ്രം, മ്യൂസിയം, ആർട് ഗാലറി, ഭക്ഷണശാല, കാഴ്ചഗാലറി എന്നിവയും ഇവിടെയുണ്ടാകും.
രാമ പ്രതിമ അയോധ്യയില്‍ നിര്‍മിക്കുമെന്നാണ് യു പി സര്‍ക്കാര്‍ വിശദമാക്കിയിരിക്കുന്നത്. 151 മീറ്ററാണ് രാമ പ്രതിമയുടെ ഉയരം. 50 മീറ്റർ ഉയരമുളള പീഠവും 20 മീറ്റർ ഉയരമുളള കുടയും കൂടി ചേർന്നാണ് പ്രതിമയ്ക്ക് 221 മീറ്റർ ഉയരം വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam