കര്‍ഷകരെ മഹാരാഷ്ട്രയിലെ പെണ്‍കുട്ടികള്‍ക്ക് ഭര്‍ത്താവായി വേണ്ട ! കാരണമിതാണ്

By Web DeskFirst Published Aug 30, 2017, 10:02 AM IST
Highlights

മുംബൈ: മഹാരാഷ്ട്രയിലെ യുവ കര്‍ഷകരില്‍ ഭൂരിഭാഗവും വിവാഹിതരല്ല, ഇതിന്‍റെ  കാരണം ഒരു പക്ഷേ നിങ്ങളെ അതിശയിപ്പിക്കും. കര്‍ഷകരെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല. ഒരു കുടുംബത്തിന്  ജീവിക്കാനാവശ്യമായ പണം കര്‍ഷകന് കൃഷിയിലൂടെ കിട്ടാത്തതാണ് കാരണം. സ്ഥിര വരുമാനമില്ലാത്തതിനാല്‍ കര്‍ഷകരുടെ ആലോചന പെണ്‍കുട്ടികള്‍ വേണ്ടെന്ന് വെക്കുകയാണ്.

കൃഷി ലാഭകരമല്ലാത്തതും , ബാങ്ക് ലോണും കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കുമ്പോളാണ് വിവാഹ ജീവിതവും ഇവര്‍ക്ക് നഷ്ടമാകുന്നത്. കൃഷിയില്‍ നിന്ന് ജീവിക്കാന്‍ ആവശ്യമായ വരുമാനം ലഭ്യമാകില്ലെന്നാണ് പല പെണ്‍കുട്ടികളും പറയുന്നത്. കര്‍ഷകരെ കല്ല്യാണം കഴിച്ച് ജീവിതം ദുരിതത്തിലാക്കാന്‍ അത് കൊണ്ട് തന്നെ ഇവര്‍ ഒരുക്കമല്ല. കര്‍ഷകരായ മാതാപിതാക്കള്‍ പോലും മണ്ണില്‍ പണിയെടുക്കുന്നവന് മക്കളെ വിവാഹം ചെയ്ത് കൊടുക്കാന്‍ തയ്യാറല്ല.

മഹാരാഷ്ട്രയിലെ 45 ഗ്രാമങ്ങളില്‍ നടത്തിയ പഠനത്തിലാണ് 2,294 കര്‍ഷകര്‍ വിവാഹിതരല്ലന്ന് കണ്ടെത്തിയത്. ഭൂരിഭാഗം കര്‍ഷകരും 25 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. ബിരുദധാരികളായ ഈ കര്‍ഷകര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാണ്. വേണ്ടത്ര മഴയും ജലസേചനവും ലഭ്യമായിട്ടും വിളകള്‍ക്ക് വില ലഭ്യമാകാത്തത് ഈ കര്‍ഷകരുടെ ജീവിതം വഴിമുട്ടിക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കൊടും വരള്‍ച്ചയെ അതിജീവിച്ച ഈ കര്‍ഷകര്‍ പക്ഷേ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന്പോകുന്നത്.

click me!