കളക്ടറാണ് ഒന്നാം പ്രതിയെന്നും മന്ത്രി അടക്കമുള്ള ആളുകളോട് അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞത് കളക്ടറാണെന്നും വിഎസ് സുനിൽകുമാർ. പൂരം അലങ്കോലപ്പെടുന്നെങ്കിൽ അലങ്കോലപ്പെടട്ടെ എന്ന ഉദ്ദേശം കളക്ടർക്ക് ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്.
തൃശൂർ: തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. കളക്ടറാണ് ഒന്നാം പ്രതിയെന്നും മന്ത്രി അടക്കമുള്ള ആളുകളോട് അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞത് കളക്ടറാണെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. പൂരം അലങ്കോലപ്പെടുന്നെങ്കിൽ അലങ്കോലപ്പെടട്ടെ എന്ന ഉദ്ദേശം കളക്ടർക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കളക്ടർ ഡപ്യൂട്ടേഷന് പോയത് സംശയകരമാണെന്നും സുനിൽകുമാർ പറഞ്ഞു.
ദേവസ്വത്തിലെ ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാം. എന്നാൽ ദേവസ്വത്തിന് പങ്കുണ്ടെന്നത് ശരിയല്ല. തിരുവമ്പാടിയുമായുള്ള ചർച്ചയ്ക്ക് വിളിച്ചിട്ടും കളക്ടർ വന്നില്ല. അന്നത്തെ കമ്മീഷ്ണറുടെ നിലപാടും പൂരം കലങ്ങുന്നതിന് ഇടയാക്കിയിരുന്നു. പൂരം കലക്കി എന്നത് യാഥാർഥ്യമാണ്. കലക്കിയത് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. അതിന്റെ ഗുണഭോക്താക്കൾ ബിജെപിയും ആർഎസ്എസുമാണ്. കുറ്റക്കാരെ സർക്കാർ കണ്ടെത്തട്ടെ. റിപ്പോർട്ട് വന്നാലും ഇല്ലെങ്കിലും സത്യം തൃശ്ശൂരിലെ ജനങ്ങൾക്കറിയാമെന്നും സുനിൽകുമാർ പറഞ്ഞു.


