അഭിമന്യു വധം: മുഖ്യപ്രതി പൊലീസ് പിടിയില്‍

Web Desk |  
Published : Jul 18, 2018, 09:45 AM ISTUpdated : Oct 02, 2018, 04:22 AM IST
അഭിമന്യു വധം: മുഖ്യപ്രതി പൊലീസ് പിടിയില്‍

Synopsis

ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റ് ആണ് മുഹമ്മദ്. 

കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച അഭിമന്യുവധത്തില്‍ മുഖ്യപ്രതിയായ മുഹമ്മദ് പൊലീസ് പിടിയിലായി. മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റും ആയ മുഹമ്മദിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 

കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളേജിന് മുന്നിലേക്ക് വിളിച്ചു വരുത്തിയതും മുഹമ്മദാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.  അഭിമന്യു വധത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ ഒന്നാം പ്രതിയാണ് ഇയാള്‍.
 
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് സൂചന. കൊലപാതകശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട ഇയാള്‍ ഇവിടെ നിന്നും കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഒളിതാവളത്തിലേക്ക് മാറി. ഇവിടെ നിന്നും പിന്നീട് ഗോവയിലേക്ക് പോയി അവിടെ നിന്നും തിരിച്ച് പഴയ ഒളിതാവളത്തിലെത്തിയപ്പോള്‍ ആണ് ഇയാള്‍ പിടിയിലായത്. 

മുഹമ്മദിന്  ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത തലശ്ശേരി സ്വദേശിയായ ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിന് ശേഷമുള്ള 11 ദിവസവും ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് എസ്ഡിപിഐ നേതൃത്വത്തിന്‍റെ പിന്തുണയോടെയാണെന്ന് വ്യക്തമായിട്ടുണ്ട്. 
 അതേസമയം ചോദ്യം ചെയ്യല്ലില്‍ കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ അന്വേഷണഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 

ചുമരെഴുത്തുമായി ബന്ധപ്പെട്ട്  എസ്.എഫ്.ഐയുമായി നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്ന് മുഹമ്മദ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ക്യംപസിനുള്ളില്‍ നിലനിന്ന ഈ സംഘര്‍ഷാവസ്ഥയെക്കുറിച്ച് കോളേജിന് പുറത്തുള്ള ക്യാംപസ് ഫ്രണ്ട്- എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ മുഹമ്മദ് വിവരമറിയിച്ചിരുന്നു. 

ഒരു കാരണവശാലും എസ്.എഫ്.ഐക്ക് വഴങ്ങരുതെന്നും കോളേജിന് മുന്നിലെ മതിലില്‍ ക്യാംപസ് ഫ്രണ്ടിന്‍റെ ചുമരെഴുത്ത് തന്നെ വേണമെന്നും പുറത്തുള്ളവര്‍ മുഹമ്മദിന് നിര്‍ദേശം നല്‍കി. ഇപ്രകാരം ചെയ്തെങ്കിലും  രാത്രി ഒന്‍പത് മണിയോടെ ക്യാംപസ് ഫ്രണ്ടിന്‍റെ ചുമരെഴുത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മായ്ച്ചു കളഞ്ഞു. 

ഇതോടെ സംഘര്‍ഷം പ്രതീക്ഷിച്ച്കൊച്ചി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന 16 എസ്ഡിപിഐ പ്രവര്‍ത്തകരെ മുഹമ്മദ് കോളേജിലേക്ക് വിളിച്ചു വരുത്തി. അഭിമന്യുവിന് കുത്തേറ്റതോടെ  കൊലയാളി സംഘത്തിലെ 13 പേരും അവിടെ നിന്നും രക്ഷപ്പെട്ടു. മൂന്ന് പേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പൊലീസിന് കൈമാറി. 

അഭിമന്യുവിനെ കുത്തിയത് ആരാണെന്നടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ മുഹമ്മദ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി എന്നാണ് സൂചന. പ്രതികളെ സഹായിച്ചവരടക്കം നാല് പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്ലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നേക്കും.എസ്എഫ്ഐക്കാരെ കായികമായി നേരിടണമെന്ന് മുഹമ്മദിന് നിര്‍ദേശം നല്‍കിയതാര് എന്നതിലേക്കും ഇനി പൊലീസ് അന്വേഷണം വ്യാപിക്കും.

വിദ്യാര്‍ത്ഥിയായ മുഹമ്മദിന് ഇത്രയും ദിവസം ഒളിവില്‍ കഴിയാന്‍ എസ്ഡിപിഐ നേതൃത്വത്തില്‍ നിന്നും കാര്യമായ സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. എസ്ഡിപിഐ സംസ്ഥാന നേതാക്കളെ തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയുണ്ടായ മുഹമ്മദിന്‍റെ അറസ്റ്റോടെ പുതിയ അഭ്യൂഹങ്ങളും സജീവമായിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പറന്നുകൊണ്ടിരിക്കെ പൈലറ്റിന്റെ അനൗൺസ്മെന്റ്, 'വിമാനത്തിന്റെ ടയറുകൾ പൊട്ടി' , എയര്‍ ഇന്ത്യ എക്പ്രസിലെ വീഡിയോ പങ്കുവച്ച് യാത്രക്കാരി
കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം; പാലക്കാട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്നു പേര്‍ പിടിയിൽ