
കർണാടക: കേരള സർക്കാരിന്റെ മലയാള ഭാഷാ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി കർണാടക. ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അതേസമയം മലയാളം അടിച്ചേൽപ്പിക്കുന്നില്ലെന്നും യെലഹങ്ക കുടിയേറ്റത്തിൽ കേരളം ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കർണാടകം തീർക്കുന്നതെന്നും മന്ത്രി എം.ബി.രാജേഷ് തിരിച്ചടിച്ചു. ബില്ലിന്റെ പരിധിയിൽ നിന്ന് കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ സ്കൂളുകളെ ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ ബിൽ ജനാധിപത്യ വിരുദ്ധമാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
മലയാള ഭാഷാ ബിൽ 2025. സ്കൂൾ തലം മുതൽ ഭരണഭാഷ വരെ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ ചൊല്ലി ഉലയുകയാണോ കേരള-കർണാടക ബന്ധം? ബിൽ കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്റെ വാദം. ഇന്നലെ ട്വീറ്റിലൂടെ കേരളത്തെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നാലെ കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ബില്ലുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ നിയമപരമായി നേരിടുമെന്നാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. അതേസമയം കർണാടകത്തിന്റെ എതിർപ്പിനെ രാഷ്ട്രീയപ്രേരിതം എന്ന ആരോപണം ഉയർത്തി ചെറുക്കുകയാണ് കേരളം. സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രിമാരായ എം.ബി.രാജേഷും പി.രാജീവും രംഗത്തെത്തി.
കർണാടകത്തിന്റെ നിലപാടിനെ സർക്കാർ തള്ളുമ്പോൾ നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ ബില്ലിനെതിരെ കേരളത്തിൽ തന്നെ വ്യത്യസ്ത നിലപാടുയരുന്നതും ശ്രദ്ധേയം. ബിൽ ജനാധിപത്യ വിരുദ്ധമാണെന്നാണ് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ നിലപാട്. മലയാളം അടിച്ചേൽപിക്കരുതെന്നും കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ സ്കൂളുകളെ ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ബിജെപിയും ആവശ്യപ്പെടുന്നു. എന്തായാലും എതിർത്തും അനുകൂലിച്ചും വാദമുഖങ്ങൾ ഉയരുന്പോൾ ബില്ലിൽ ഗവർണർ രാജേന്ദ്ര അർലേക്കർ എടുക്കുന്ന നിലപാടാകും നിർണായകമാകുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam