
ബെംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്‍. ശരത്താണ് (19) കൊല്ലപ്പെട്ടത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്ക് വാട്ട്‌സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ഈ മാസം 12ന് വൈകുന്നേരമാണു ശരത്തിനെ കാണാതായത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ ശരത്തിന്റെ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും കണ്ടെത്തിയിട്ടുണ്ട്. 50 ലക്ഷം നല്‍കണമെന്നും ഇല്ലെങ്കില്‍ ഇവര്‍ ലക്ഷ്യമിടുന്നത് ശരത്തിന്റെ സഹോദരിയെയാണെന്നും പൊലീസില്‍ അറിയിക്കരുതെന്നുമായിരുന്നു വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
സഹോദരിയുടെ മൊബൈലില്‍ ശരത്തിന്റെ നമ്പരില്‍നിന്ന് ചൊവ്വാ രാത്രി എട്ടരയോടെയാണ് സന്ദേശം വന്നത്. അപ്പോള്‍ തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പിതാവിന്റെ പ്രവര്‍ത്തിമൂലം ദുരിതമനുഭവിച്ചവരാണ് തന്നെ തട്ടിയെടുത്തതെന്നാണ് വിഡിയോയില്‍ ശരത്ത് പറയുന്നത്. അടുത്ത ദിവസം വീണ്ടും വിളിക്കും എന്നു പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊരു കോള്‍ എത്തിയില്ല. കാറിനുള്ളില്‍വച്ചാണു വിഡിയോ എടുത്തത്. ശരത്തിന്റെ ദേഹത്തു കാണാവുന്ന തരത്തില്‍ പരുക്കുകളൊന്നും ഇല്ലെന്നും പൊലീസ് അറിയിച്ചിരുന്നു. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചിക്കുന്നത്.
ബെംഗളൂരുവിനടുത്തു കെങ്ങേരി ഉള്ളാല എന്ന സ്ഥലത്താണു ശരത്തും കുടുംബവും താമസിക്കുന്നത്. ഹെസാര്‍ഘട്ട റോഡില്‍ ആചാര്യ കോളജിലെ രണ്ടാം വര്‍ഷ ഓട്ടമൊബൈല്‍ എന്‍ജിനീയറില്‍ ഡിപ്ലോമ വിദ്യാര്‍ഥിയാണ് ശരത്ത്. പുതിയതായി വാങ്ങിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് ശരത്ത് വീട്ടില്‍നിന്ന് ഇറങ്ങിയത്. പിന്നീട് ആരും ശരത്തിനെ ജീവനോടെ കണ്ടിട്ടില്ല. അന്ന് വൈകുന്നേരം കൂട്ടുകാരാരും ശരത്തിനെ കണ്ടിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. പുതിയ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam