
ഹൈദരാബാദ്: മലയാളി യുവാവിനെ ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. സെക്കന്തരാബാദിനടുത്ത് രാംനഗറില്‍ തൊടുപുഴ സ്വദേശി അരുണ് പി. ജോര്‍ജാണ് (37) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് അരുണിന്റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കണ്ടത്. ചെന്നൈ ആസ്ഥാനമായ സ്വകാര്യകമ്പനിയുടെ ഹൈദരാബാദ് ശാഖാമാനേജര്‍ ആണ്.
തൊടുപുഴ പന്നൂര്‍ പറനിലയം വീട്ടില് ജോര്‍ജിന്റെയും എല്‍സമ്മയുടെയും മകനാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കൊലയാളികളെപ്പറ്റി സൂചന ലഭിച്ചെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് വിമാനമാര്‍ഗം അരുണ്‍ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. വൈകീട്ടും എത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് സുഹൃത്തുക്കളോട് അന്വേഷിക്കാന്‍ പറഞ്ഞപ്പോഴാണ് ഹൈദരാബാദിലെ വീട് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്.
ബന്ധുക്കളുടെ നിര്‍ദേശപ്രകാരം സുഹൃത്തുക്കള്‍ വീട്ടുടമയുടെ സാന്നിധ്യത്തില്‍ പൂട്ടുതകര്‍ത്ത് അകത്തുകടന്നപ്പോഴാണ് കുളിമുറിയില്‍ തലയ്ക്കും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് അരുണ്‍ മരിച്ചുകിടക്കുന്നത് കണ്ടത്. വീട്ടിലെ അലമാര തുറന്നനിലയിലായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് കൊലപാതകം നടന്നിരിക്കാനാണ് സാധ്യതയെന്ന് മുഷീറാബാദ് പോലീസ് പറഞ്ഞു.
വീടിന് എതിര്‍വശത്തുള്ള സി.സി.ടി.വി.യില്‍ ഒരാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഇയാള്‍ അരുണിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതും ശനിയാഴ്ച പുലര്‍ച്ചെ മടങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam