
തിരുവനന്തപുരം: പ്രളയദുരന്തത്തിൽനിന്ന് കരകയറുന്ന കേരളത്തെ പുനഃസൃഷ്ടിക്കാൻ വിവിധ കോണുകളിൽനിന്ന് സഹായം പ്രവഹിക്കുകയാണ്. കടൽകടന്നും സഹായഹസ്തവുമായി നിരവധിപ്പേർ എത്തുന്നുണ്ട്. ന്യൂസിലാൻഡിൽനിന്ന് ഒരു മലയാളി നഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന നേരിട്ട് എത്തിയാണ് നൽകിയത്.
ന്യൂസിലാൻഡിൽ സർക്കാർ സർവീസിൽ നഴ്സായ പ്രീതി ബിനേഷ് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ ഓഫീസിലെത്തിയാണ് ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കോട്ടയം മണർകാട് സ്വദേശിനിയായ പ്രീതി ബിനേഷ് ന്യൂസിലാൻഡിലെ വെല്ലിങ്ടൺ സർക്കാർ ആശുപത്രിയിലെ നഴ്സാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറാൻ കഴിഞ്ഞതിൽ ഏറെ സംതൃപ്തി ഉണ്ടെന്ന് പ്രീതി പറഞ്ഞു. പ്രളയത്തിൽ തകർന്ന കേരളത്തെ സഹായിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. മറുനാട്ടിൽ ജോലി ചെയ്യുന്ന കൂടുതൽ പേർ സഹായവുമായി രംഗത്തെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.
പ്രീതിയെപ്പോലെയുള്ളവരുടെ വലിയ മനസാണ് കേരളത്തിന് താങ്ങാകേണ്ടതെന്നും, മറ്റുള്ളവരും ഇത് മാതൃകയാക്കണമെന്ന് ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി ശൈലജ ടീച്ചർ പറഞ്ഞു. കൊട്ടാരക്കര ഓടനാവട്ടം ബിന്ദുഭവനിൽ ബിനേഷിന്‍റെ ഭാര്യയാണ് പ്രീതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam