
മുംബൈ: മാലെഗാവ് സ്ഫോടനക്കേസില്‍ പ്രതികൾക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി. കേസ് പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കുറ്റം ചുമത്തിയത്. കേസിലെ വിചാരണ നടപടികൾ വെളളിയാഴ്ച തുടങ്ങുമെന്നും കോടതി അറിയിച്ചു.
ലഫ്റ്റ്നന്‍റ് കേണൽ പ്രസാദ് പുരോഹിത് സന്യാസിനി പ്രഗ്യാ സിങ് ഠാക്കൂർ എന്നിവർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. റിട്ട. മേജർ രമേഷ് ഉപാധ്യായ, സമീർ കുൽക്കർണി, അജയ് രഹിർക്കര്‍, സുധാകർ ദ്വിവേദി, സുധാകര്‍ ചതുർവേദി എന്നിവരാണ് ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട മറ്റ് പ്രതികൾ.
എല്ലാ പ്രതികളും ഹാജരാകാതിരുന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച പ്രത്യേക എൻഐഎ കോടതി തുടർനടപടികൾ ഇന്നത്തേക്ക് മാറ്റിയത്. കേസിലെ വിചാരണാനടപടികൾ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. യുഎപിഎ പ്രകാരം വിചാരണ ചെയ്യുന്നതിന്‍റെ സാധുതയെ ചോദ്യം ചെയ്ത് ലഫ്റ്റ്നന്‍റ് കേണൽ പ്രസാദ് പുരോഹിത് നൽകിയ ഹർജിയും കോടതി അംഗീകരിച്ചില്ല. നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നും കുറ്റവിമുക്തരായി തിരിച്ചെത്തുമെന്നും പ്രഗ്യാ സിങ് ഠാക്കൂർ പ്രതികരിച്ചു.
വടക്കൻ മഹാരാഷ്ട്രയിലെ മാലെഗാവിൽ 2008 സെപ്റ്റംബർ 29ന് നടന്ന സ്ഫോടനത്തില്‍ ആറുപേർ കൊല്ലപ്പെട്ട സംഭവമാണ് കേസിന് ആധാരം. മുസ്ലീം പള്ളിക്കു സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ നൂറോളം പേർക്കാണ് അന്ന് പരിക്കേറ്റത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam