ഭരണം കിട്ടിയത് പ്രതിമ തകര്‍ക്കാനല്ലെന്ന് ബിജെപിയെ ഓര്‍മ്മിപ്പിച്ച് മമതാ ബാനര്‍ജി

By web deskFirst Published Mar 7, 2018, 8:55 AM IST
Highlights
  • പക്ഷേ പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടിയേ പറ്റൂ. ഞങ്ങള്‍ പ്രതിരോധിക്കും' മമത പറഞ്ഞു.

കൊല്‍ക്കത്ത: ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ  ലെനിന്റെയും അംബേദ്കര്‍ പ്രതിമകള്‍ക്കുനേരെയും വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിട്ട ബിജെപിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നു. ബി.ജെ.പി ത്രിപുരയില്‍ നടത്തുന്ന അക്രമങ്ങളെ അപലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. 

തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരം ലഭിച്ചത് പ്രതിമ തകര്‍ക്കാനല്ലെന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം. ഭരണം കിട്ടിയെന്ന് കരുതി മാര്‍ക്‌സ്, ലെനിന്‍, ഗാന്ധിജി തുടങ്ങിയവരുടെ പ്രതിമകള്‍ തകര്‍ക്കുന്നത് അംഗീകരിക്കാനാകില്ല. ആളുകളെ കൊല്ലുന്നതും പ്രതിമ തകര്‍ക്കുന്നതുമല്ല അധികാരത്തില്‍ വരുന്നവരുടെ പണി മമത പറഞ്ഞു.

'ഞാന്‍ സി.പി.ഐ.എമ്മിന് എതിരാണ്. മാര്‍ക്‌സും ലെനിനും എന്റെ നേതാക്കളല്ല. സി.പി.ഐ.എമ്മിന്റെ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നയാളാണ് ഞാന്‍. അതുപോലെ ബി.ജെ.പിയുടെ ആക്രമണങ്ങളെയും അംഗീകരിക്കാനാകില്ല. ആരും പ്രതിഷേധിക്കുന്നത് കാണുന്നില്ല. പക്ഷേ പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടിയേ പറ്റൂ. ഞങ്ങള്‍ പ്രതിരോധിക്കും' മമത പറഞ്ഞു.

'അവര്‍ എല്ലാം തകര്‍ക്കുകയാണ്. ആരും പ്രതികരിക്കുന്നത് കാണുന്നില്ല. പക്ഷേ എനിക്ക് മിണ്ടാതിരിക്കാനാവില്ല. സി.പി.ഐ.എമ്മുമായി ആശയപരമായ ഭിന്നതയുണ്ടെന്നത് ശരി തന്നെ. എന്നു കരുതി അവരെ ആക്രമിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.'
 

click me!