Latest Videos

സിങ്കൂരില്‍ ടാറ്റയ്ക്കായി ബലംപ്രയോഗിച്ച് ഏറ്റെടുത്ത  കൃഷിഭൂമി ഇന്ന് കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കും

By Web DeskFirst Published Sep 14, 2016, 8:21 AM IST
Highlights

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിങ്കൂരില്‍ ടാറ്റയ്ക്കായി ഇടതുസര്‍ക്കാര്‍ ബലംപ്രയോഗിച്ച് ഏറ്റെടുത്ത കൃഷിഭൂമി തൃണമൂല്‍ സര്‍ക്കാര്‍ ഇന്ന് കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കും. സിങ്കൂരില്‍ ഉച്ചയോടെ മമത ബാനര്‍ജിനയിക്കുന്ന  കൂറ്റന്‍ റാലിയില്‍ നഷ്ടപരിഹാര വിതരണവും നടക്കും. സിങ്കൂരിലെ നാനോ ഫാക്ടറി ടാറ്റ പൊളിച്ചുനീക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ പൊളിക്കുമെന്ന് മമത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ദിവസങ്ങള്‍ സിങ്കൂരിലെ ജനതയ്ക്ക് ഇനി മറക്കാം. ടാറ്റയ്ക്ക് നാനോ കാറുണ്ടാക്കാന്‍ ഇടത് സര്‍ക്കാര്‍ ബലം പ്രയോഗിച്ച് പിടിച്ചെടുത്ത കൃഷിഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീംകോടതി വിധി ദിവസങ്ങള്‍ക്കകമാണ് മമത സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.  

വര്‍ഷത്തില്‍ മൂന്ന് തവണ വിള ലഭിക്കുന്ന ഫലഭുവിഷ്ഠമായ 997 ഏക്കര്‍  കൃഷിഭൂമിയായിരുന്നു 2006ല്‍  ബുദ്ധദേവ് സര്‍ക്കാര്‍ വികസനത്തിന്റെ പേരുപറഞ്ഞ് ടാറ്റയ്ക്ക് കൈമാറിയത്. ജനങ്ങളുടെ പ്രതിഷേധസമരത്തെ സര്‍ക്കാര്‍ മൃഗീയമായി നേരിട്ടു. കര്‍ഷകരുടെ പോരാട്ടത്തെ നയിച്ച് ബംഗാളില്‍ അധികാരത്തിലെത്തിയ മമത ബാനര്‍ജിയുടെ രാഷ്ട്രീയം വിജയം കൂടിയാണ് സിങ്കൂരിലേത്.

ഉച്ചയോടെ സിംഗൂരിലത്തുന്ന മുഖ്യമന്ത്രി  എണ്ണൂറ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യും. 620 ഏക്കര്‍ ഭൂമിയാണ് ഇതുവരെ അളന്ന് തിട്ടപ്പെടുത്തിയത്. ഈഭുമിയുടെ ഉടമസ്ഥത രേഖകള്‍ കര്‍ഷകര്‍ക്ക് കൈമാറും. പത്തുവര്‍ഷം തരിശിട്ട ഭൂമി കൃഷിയോഗ്യമാക്കി നല്‍കുമെന്നും വിത്തും വളവും നല്‍കുമെന്നും മമത ഉറപ്പ്‌നല്‍കിയിട്ടുണ്ട്. 

ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിവരുന്ന സൗജന്യ റേഷനും 2000രൂപ പ്രതിമാസ പെന്‍ഷനും തുടരും. സിങ്കൂരിലെ നാനോ കാര്‍ പ്ലാന്റ് ടാറ്റ പൊളിച്ചുനീക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

click me!