മോദിക്കെതിരെ ആഞ്ഞടിച്ച് മമത; രാത്രി സത്യഗ്രഹം ആരംഭിച്ചു

By Web TeamFirst Published Feb 3, 2019, 8:30 PM IST
Highlights

മോദിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ ബംഗാളിൽ എത്തിയത്, ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ് മോദി ചെയ്യുന്നത്. കേന്ദ്ര സർക്കാർ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടുള്ളതാണെന്നും മമത 

കൊൽക്കത്ത: രാജ്യം ഭരിക്കുന്ന ബിജെപി ബംഗാളിനെ പീഡിപ്പിക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മോദിയും അമിത് ഷായും പ്രവർത്തിക്കുന്നതെന്നും, സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും മമത ബാന‍ർജി.

ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാനായി ധർണ നടത്താൻ പോകുകയാണെന്ന് പ്രഖ്യാപിച്ച മമത ബാനർജി മെട്രോ ചാനലിനടുത്ത് സത്യഗ്രഹമാരംഭിച്ചു. നാളത്തെ ബംഗാൾ അസംബ്ലി നടപടികൾ സത്യഗ്രഹ പന്തലിലായിരിക്കും നടക്കുകയെന്നും മമത പ്രഖ്യാപിച്ചു.

മോദിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ ബംഗാളിൽ എത്തിയത്, ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ് മോദി ചെയ്യുന്നത്. കേന്ദ്ര സർക്കാർ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടുള്ളതാണെന്നും, താൻ നടത്തിയ റാലി കണ്ട് ബിജെപിക്ക് വിറളി പിടിച്ചിരിക്കുകയാണെന്നും മമത ആരോപിച്ചു. 

താൻ റാലി നടത്തിയത് ബിജെപിയെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും അത്  കൊണ്ടാണ് ബിജെപി ഇപ്പോൾ സിബിഐ റെയ്‍ഡ് നടത്തിയതെന്നും പറഞ്ഞ മമത രാജീവ് കുമാർ എറ്റവും മികച്ച ഉദ്യോഗസ്ഥനാണെന്ന് ആവർത്തിച്ചു. 

"ലോകത്തെ എറ്റവും മികച്ച ഉദ്യോഗസ്ഥനാണ് രാജീവ് കുമാ‌ർ, ഞാൻ എന്‍റെ സേനയുടെ കൂടെയാണ് " മമത ആവർത്തിച്ചു, 

കേന്ദ്രത്തിനെതിരായ പ്രതിഷേധ സമരമായി ദേശീയ തലത്തിൽ വിഷയത്തെ ആളിക്കത്തിക്കാനാണ് മമത ബാനർജിയുടെ ശ്രമം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അടക്കമുള്ളവർ മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

click me!