ചതുരംഗപ്പാറയില്‍ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചു: ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് ബന്ധുക്കള്‍

Published : Feb 05, 2018, 08:39 PM ISTUpdated : Oct 04, 2018, 11:55 PM IST
ചതുരംഗപ്പാറയില്‍ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചു: ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് ബന്ധുക്കള്‍

Synopsis

ഇടുക്കി: ശാന്തന്‍പാറയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ചതുരംഗപ്പാറ ക്ലാമറ്റം വീട്ടില്‍ ശാന്തമ്മയുടെ മകള്‍ റീന(22) ആണു സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ഷാള്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്തതാണെന്ന് മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ ഭര്‍ത്താവ് ചതുരംഗപ്പാറ ചന്ദ്രവിലാസം വിഷ്ണു, ഇയാളുടെ പിതാവ് ജയകുമാര്‍, മാതാവ് മിനി എന്നിവര്‍ക്കെതിരെ ശാന്തന്‍പാറ പൊലീസില്‍ രേഖാമൂലം പരാതി നല്‍കി.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. നിര്‍ധന ദളിത് വിഭാഗത്തില്‍പ്പെട്ട ശാന്തയുടെ രണ്ട് മക്കളില്‍ ഇളയവളാണ് മരിച്ച യുവതി. ഭര്‍ത്താവ് ജോര്‍ജ്ജ് ഏതാനും വര്‍ഷം മുന്‍പ് രോഗം ബാധിച്ച് മരണമടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ബുദ്ധിമാന്ദ്യമുള്ള മൂത്ത മകള്‍ വീണയെയും, റീനയെയും കന്നുകാലി വളര്‍ത്തിയും കൂലിപ്പണിയെടുത്തുമാണ് വളര്‍ത്തിയത്. മൂന്ന് സെന്റ് സ്ഥലവും, ഇടവകാംഗങ്ങള്‍ സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ചെറിയൊരു വീടുമാണ് കുടുംബത്തിന് ആകെയുള്ള ആസ്തി. മൂന്നാര്‍ ഗവ.കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്നതിനിടെ റീന സമീപവാസിയായ വിഷ്ണുവുമായി പ്രണയത്തിലാകുകയും, ഏഴ് മാസം മുന്‍പ് ഇരുവരും വിഷ്ണുവിന്റെ വീട്ടില്‍ ഒരുമിച്ച് ജീവിക്കുവാനാരംഭിക്കുകയും ചെയ്തു. 

സവര്‍ണ്ണ സമുദായത്തില്‍പ്പെട്ട യുവാവിന്റെ മാതാപിതാക്കള്‍ക്ക് ഈ ബന്ധം ഇഷ്ടമായില്ലെങ്കിലും ലളിതമായ ചടങ്ങുകളോടെ ഭര്‍തൃഗൃഹത്തില്‍ വച്ച് വിഷ്ണു റീനയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തി. വിവാഹം രജിസ്റ്റര്‍ ചെയ്തായും പറയപ്പെടുന്നു. ഒരു മാസം പിന്നിട്ടതോടെ ഭര്‍തൃ വീട്ടുകാര്‍ യുവതിയെ ജാതിയുടെയും, സമ്പത്തിന്റെയും പേരില്‍ ചീത്ത പറയുകയും, മിക്കപ്പോഴും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി മാതാവ് ശാന്തയും അയല്‍വാസികളും പറയുന്നു. പത്ത് ദിവസം മുന്‍പ് ഭര്‍തൃ പിതാവ് വഴക്കുണ്ടാക്കുകയും, കഴുത്തിലെ താലിമാല പൊട്ടിച്ചെറിയുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപ്പോന്നിരുന്നു. 

എന്നാല്‍ ഭര്‍ത്താവ് എത്തി തിരികെ കൂട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച്ച ഉച്ചയോടെ യുവതി നിലവിളിച്ച് കൊണ്ട് വീണ്ടും വീട്ടില്‍ മടങ്ങിയെത്തി. അമ്മ വിവരം തിരക്കിയപ്പോള്‍ വിഷ്ണു മര്‍ദ്ദിക്കുകയും, താലിമാല പൊട്ടിച്ചെറിയുകയും ചെയ്തുവെന്നും, തനിക്ക് ജീവിതം മടുത്തുവെന്നും പറഞ്ഞു. തുടര്‍ന്ന് കിടപ്പുമുറിയ്ക്കുള്ളില്‍ കയറി വാതിലടച്ചു. മാതാവ് വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങുകയായിരുന്നു. ഈ സമയം എത്തിച്ചേര്‍ന്ന വിഷ്ണു വിവരമറിഞ്ഞ് മുറിയുടെ ജനല്‍ച്ചില്ല് പൊട്ടിച്ച് നോക്കിയപ്പോള്‍ റീന തൂങ്ങിനില്‍ക്കുന്നതാണു കണ്ടത്. 

ഉടന്‍തന്നെ വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ കടക്കുകയും ഷാള്‍ മുറിച്ച് റീനയെ നിലത്തിറക്കി ഒരു ബന്ധുവിന്റെ വാഹനത്തില്‍ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരണിച്ചിരുന്നു. പശുവിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അപകടം സംഭവിച്ചതാണെന്നാണ് വിഷ്ണുവിന്റെ സഹോദരന്‍ ഡോക്ടറോട് പറഞ്ഞത്. യുവതിയുടേതെന്ന് പേരില്‍ ഒരു ആത്മഹത്യാക്കുറിപ്പ് വിഷ്ണു കാണിച്ചിരുന്നു. എന്നാല്‍ ഇത് മകളുടെ കൈപ്പടയില്‍ ഉള്ളതല്ലെന്ന് മാതാവ് പറയുന്നു. 

മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് അടക്കമുള്ള അനന്തര നടപടികള്‍ യഥാസമയം നടത്തുന്നതില്‍ പൊലീസ് കൃത്യവിലോപം വരുത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ മരണവിവരം ശാന്തന്‍പാറ പൊലീസില്‍ അറിയിച്ചതാണെങ്കിലും അന്നേദിവസം പൊലീസ് ആശുപത്രിയില്‍ എത്തിയില്ല. തുടര്‍ന്ന് പിറ്റേന്ന് രാവിലെ മാതാവ് ശാന്ത ശാന്തന്‍പാറ സ്റ്റേഷനില്‍ നേരിട്ട് എത്തി. എന്നാല്‍ ഉച്ചയ്ക്ക് ഒരുമണിയോടെ മാത്രമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. 

ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ വീണ്ടും വൈകി. മരണം നടന്ന് 30 മണിക്കൂറിന് ശേഷം ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെ മാത്രമാണ് പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മേഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകാനായതെന്നും, പരാതി നല്‍കിയിട്ടും പ്രതികളായ വിഷ്ണുവിനെയോ, ഇയാളുടെ പിതാവ് ജയകുമാറിനെയോ ചോദ്യം ചെയ്യുവാനോ കസ്റ്റഡിയിലെടുക്കുവാനോ പൊലീസ് തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും സമീപവാസികള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്കും, വനിതാ കമ്മീഷണും പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണിവര്‍. എന്നാല്‍  സംഭവത്തില്‍ യാതൊരുവിധ വീഴ്ചയും പോലീസിന് സംഭവിച്ചിട്ടില്ലെന്നും നടപടികള്‍ കൃത്യമായാണ് പൂര്‍ത്തിയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി
ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്