സ്കൂള്‍ അധ്യാപകനേയും മാനേജറേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

By Web TeamFirst Published Jan 9, 2019, 6:54 PM IST
Highlights

പരിയാപുരം എല്‍പി സ്കൂളിലെ പ്രധാന അധ്യാപകന്‍ സി എം മുനീര്‍, മാനേജര്‍ ബാബുരാജ് എന്നിവരെയാണ് രാജേഷ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

മലപ്പുറം: പെരിന്തല്‍മണ്ണക്ക് സമീപം പരിയാപുരത്ത് സ്കൂള്‍ അധ്യാപകനേയും മാനേജറേയും  കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റിലായി. മഞ്ചേരി സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ പി രാജേഷാണ് പിടിയിലായത്. പെരിന്തല്‍മണ്ണ സിഐ, ടി എസ് ബിനുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. 

പരിയാപുരം എല്‍പി സ്കൂളിലെ പ്രധാന അധ്യാപകന്‍ സി എം മുനീര്‍, മാനേജര്‍ ബാബുരാജ് എന്നിവരെയാണ് രാജേഷ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കരുവാരക്കുണ്ട് കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ ജീവനക്കാരനായ രാജേഷും ഭാര്യയും ഏറെനാളായി പിണങ്ങിക്കഴിയുകയായിരുന്നു. എല്‍പി സ്കൂളില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്ന ഇവരുടെ മകന്‍ അമ്മക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ വൈകിട്ട് സ്കൂള് വിട്ടപ്പോള്‍ മകനെ കൂട്ടിക്കൊണ്ടുപോകാന്‍ രാജേഷ് ശ്രമിച്ചു.

സ്കൂള്‍ ബസില്‍നിന്ന് പിടിച്ചിറക്കാനായിരുന്നു ശ്രമം. ഇത് കണ്ട് ഓടിയെത്തിയ സി എച്ച് മുനീറും ബാബുരാജും ചേര്‍ന്നാണ് രാജേഷിനെ പിടിച്ചുമാറ്റിയത്. ഒരു മണിക്കൂറിന് ശേഷം മുനീറും ബാബുരാജും ബൈക്കില്‍ സ്കൂളില്‍നിന്ന് പോയി. പിന്നാലെയെത്തിയ രാജേഷ് ബൈക്കിന് പിന്നില്‍ കാറിടിപ്പിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ സി എച്ച് മുനീറും ബാബുരാജും പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

click me!