
കണ്ണൂര്‍: ബംഗളുരുവിൽ നിന്ന് കണ്ണൂർ-മാഹി എന്നിവിടങ്ങളിലേക്ക് ലഹരി കടത്തുന്ന സംഘങ്ങളിലെ കണ്ണി എക്സൈസ് പിടിയിൽ. തലശേരി സൈദാർ പള്ളി സ്വദേശി മിഹ്‍റാജ് ആണ് എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിയിലായത്. ഇയാളിൽ നിന്നും അതിമാരക ലഹരി മരുന്നായ എംഡിഎംഎ, സ്പാസ്മോ സ്പ്രോക്സിവോൺ എന്നിവയും പിടിച്ചെടുത്തു.
സിനിമാ സീരിയിൽ ബന്ധമുള്ള മിഹറാജ് ബംഗലുരുവിൽ കച്ചവടക്കാരനാണ്. ഈ ബന്ധമുപയോഗിച്ചാണ് ലഹരിക്കടത്ത്. മെത്തലിൻ ഡയോക്സിമെത്ത് ആംപ്ഫിറ്റാമിൻ എന്ന മുഴുവൻ പേരുള്ള എംഡിഎംഎ ആയിരം മില്ലിഗ്രാം അഥവാ ഒരു ഗ്രാമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഒപ്പം നിരോധിത ഗുളികയായ സ്പാസ്മോ പ്രോക്സിവോൺ 7.5 ഗ്രാം മിഹ്‍റാജിൽ നിന്ന് പിടിച്ചെടുത്തു. പോയന്റ് രണ്ട് മില്ലിഗ്രാം കൈവശം വച്ചാൽ ജാമ്യം പോലും ലഭിക്കാത്ത മാരക ലഹരിമരുന്നാണ് ഇത്.
മോളി, എക്സ്റ്റസി എന്നീ പേരുകളിൽ ഇത് ഉപയോഗിക്കുന്നവർക്കിടയിൽ അറിയപ്പെടുന്ന ഇവ ചെറിയ അളവിൽ ശരീരത്തിൽ എത്തിയാൽപ്പോലും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന മാരക ലഹരിയാണ്. .02 മില്ലിഗ്രാം പോലും 12 മണിക്കൂറോളം നീണ്ടുനിൽക്കുന്ന വിഭ്രാന്തിക്കിടയാക്കും പാർട്ടി ഡ്രഗ് ആയി വൻനഗരങ്ങളിൽ പ്രചാരത്തിലുള്ള ഇവ കണ്ണൂരിലെത്തിയത് ആശങ്കയോടെയാണ് കാണുന്നത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സമാനമായ കേസിൽ മാട്ടൂൽ സ്വദേശിയായ യുവാവിനെതിരെ പാപ്പിനിശ്ശേരി എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . സ്കൂൾ കുട്ടികൾ ഇയാളുടെ വലയിൽ പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam