അല്ലു അര്‍ജുന്‍ സിനിമയെ വിമര്‍ശിച്ചതിന് വധ ഭീഷണി; അപര്‍ണയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

By Web DeskFirst Published Jun 3, 2018, 10:42 AM IST
Highlights
  • അല്ലു അര്‍ജ്ജുന്‍ സിനിമയെ വിമര്‍ശിച്ചതിന് സൈബറാക്രമണം
  • അശ്ലീല കമന്‍റുകളും വധ ഭീഷണിയും
  • ഒരാള്‍ പൊലീസ് പിടിയില്‍

മലപ്പുറം: അല്ലു അര്‍ജ്ജുന്‍ സിനിമയെ വിമര്‍ശിച്ചതിന് സിനിമാ നിരൂപക അപര്‍ണ പ്രശാന്തിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. അപര്‍ണയ്ക്കെതിരെ സൈബറാക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്. അല്ലു അര്‍ജ്ജുന്‍ സിനിമയെ വിമര്‍ശിച്ച് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനുതാഴെ അശ്ലീല കമന്‍റുകളിട്ട മണ്ണാര്‍ക്കാട് പുല്ലിശ്ശേരി കരിന്പനയ്ക്കല്‍ നിയാസുദ്ദീന്‍ (22) ആണ് അറസ്റ്റിലായത്. 

പൊലീസിലും സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും അപര്‍ണ പരാതി നല്‍കിയിരുന്നു. ഐ.ടി നിയമപ്രകാരം പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ് ബിനുവാണ് ശനിയാഴ്ച നിയാസുദ്ദീനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗമുപയോഗിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയ്ക്കുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസിന്‍റെ അന്വേഷണത്തിനായി നിയാസുദ്ദീനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. 

' ഒരാളെയെങ്കിലും അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ട്.  വ്യാജ അക്കൗണ്ടുകള്‍ എന്ത് വൃത്തികേടും വിളിച്ചു പറയാനുള്ള സുരക്ഷിതസ്ഥലമാണെന്ന് ധാരണയുള്ളവര്‍ക്ക് അത് മാറാന്‍ ഈ അറസ്റ്റ് കാരണമാകട്ടെ. ആയിരത്തിലധികം ഇത്തരത്തിലുള്ള അശ്ലീല കമന്‍റുകള്‍ കണ്ട മാനസികാവസ്ഥ ഇനിയാര്‍ക്കും ഉണ്ടാവരുത്. ഫാന്‍സ് അസോസിയേഷന്‍ മാപ്പ് പറ‍ഞ്ഞിട്ടുപോലും സൈബറാക്രമണം തുടരുകയാണുണ്ടായത്. മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ ഇതിനു പിന്നില്‍ തന്നെയുണ്ടാകു 'മെന്ന് അപര്‍ണ പ്രശാന്തി പറഞ്ഞു. 

click me!