
കൊല്ലം: നിരത്തിൽ മോട്ടോർ ബൈക്കിനെ മറികടന്ന് പോയതിന് യുവാവിന് മർദനം. കൊല്ലം രാമൻകുളങ്ങരയിലാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കരുനാഗപ്പള്ളി സ്വദേശി ഷിബുവിനാണ് മർദനമേറ്റത്. ഫാൻസി ഷോപ്പ് നടത്തിപ്പുകാരനാണ് ഷിബു.
കട അടച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം. വെള്ളയിട്ടമ്പലം ജംഗ്ഷനിൽ വച്ച് മുന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്കിനെ മറികടന്ന് ഷിബു മുന്നോട്ടുപോയി. ഇതിൽ പ്രകോപിതരായ രണ്ട് പേർ പിന്നാലെ കൂടിയതായി ഷിബു പറഞ്ഞു.
ബൈക്കിൽ പിന്തുടരുന്നതിൽ അസ്വാഭാവികത തോന്നിയ ഷിബു രാമൻകുളങ്ങര ജംഗ്ഷനിൽ എത്തിയപ്പോൾ പെട്രോൾ പമ്പിലേക്ക് ബൈക്ക് കയറ്റി. ഇതോടെ പിന്നാലെ എത്തിയ അക്രമികൾ ഹെൽമെറ്റ് ഊരി അടിക്കുകയായിരുന്നു.
അവശനായി വീണ ഷിബുവിനെ പമ്പ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അക്രമി സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാവനാട് സ്വദേശിയായ സന്തോഷിനെയാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് ശക്തികുളങ്ങര പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam