
പൂനെ: തന്‍റെ ആവശ്യം പോലെ വീടിനുള്ളില്‍ ഭാര്യ സാരി ധരിക്കാത്തതിന് ഭര്‍ത്താവ് വിവാഹമോചന കേസ് നല്‍കി. ശിവാജിനഗര്‍ ജില്ലാ കോടതിയെയാണ് വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവാവ് സമീപിച്ചത്. രണ്ട് വയസുള്ള ആണ്‍കുട്ടിയുടെ മാതാപിതാക്കളായ ഇരുവരും വിവാഹം കഴിഞ്ഞ് അധികം വെെകാതെ തന്നെ കലഹം ആരംഭിച്ചിരുന്നു.
വീട്ടില്‍ സാരി ധരിക്കാതെ, പാശ്ചാത്യ വസ്ത്രങ്ങള്‍ ഭാര്യ ഉപയോഗിക്കുന്നതിനെ തുടര്‍ന്നായിരുന്നു വഴക്ക്. ഭര്‍ത്താവും ഭര്‍തൃമാതാവും ഇതേ ആവശ്യം പറഞ്ഞ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. അവസാനം ഭര്‍ത്താവിന്‍റെ വാദം അംഗീകരിച്ചെങ്കിലും വീടിനുള്ളിലെങ്കിലും തനിക്ക് ഇണങ്ങുന്നതായ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു.
തനിക്ക് സാരിയുടുക്കാന്‍ അറിയില്ലെന്നുള്ള കാര്യവും വ്യക്തമാക്കി. എന്നാല്‍, സ്ഥിതിഗതികള്‍ മോശമായതോടെ ഭാര്യ വീട് വിട്ടിറങ്ങി. ഇതിന് ശേഷം ഒരു കുട്ടിക്ക് ജന്മം നല്‍കിയെങ്കിലും കുഞ്ഞിനെ കാണാന്‍ പോലും ഭര്‍ത്താവ് വന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ജൂലെെയിലാണ് വിവാഹം മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപ്പിച്ചത്.
എന്നാല്‍, കൗണ്‍സിലിംഗിന് ഹാജരാകാന്‍ ഇരുവരോടും ആവശ്യപ്പെട്ട കോടതി രണ്ട് പേരുടെയും വാദങ്ങള്‍ വിശദമായി കേട്ടു. വീട്ടില്‍ തനിക്ക് ഇഷ്ടമുള്ള വേഷം ധരിക്കാന്‍ അനുവദിക്കണമെന്നും പുറത്ത് പോകുമ്പോഴും ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴുമെല്ലാം സാരി ധരിക്കാമെന്നും ഭാര്യ വ്യക്തമാക്കി. ഇതിനിടെ കോടതിയില്‍ വാദം നടക്കുമ്പോള്‍ തന്‍റെ മകനെ ആദ്യമായി കണ്ട യുവാവ് കേസ് പിന്‍വലിച്ച് വീണ്ടും ഭാര്യയുമായി ഒന്നാവാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam