തെരുവില്‍ പിന്തുടര്‍ന്നതിന് പരാതി; പ്രതിയെ കണ്ട പൊലീസ് തകര്‍ന്നു

By Web TeamFirst Published Aug 11, 2018, 2:12 PM IST
Highlights

ഏറെ നേരമായി പിന്തുട‍‍ര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസാണ് പ്രതിയെ പിടിക്കാന്‍ സംഭവസ്ഥലത്തെത്തിയത്

കാള്‍സ്രൂ: തെരുവില്‍ വച്ച് ഒരാള്‍ പിന്തുടരുന്നുവെന്ന അജ്ഞാതന്റെ ഫോണ്‍വിളിയെ തുടര്‍ന്നാണ് നഗരത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് പാഞ്ഞെത്തിയത്. പരിഭ്രാന്തനായ ഒരു മദ്ധ്യവയസ്‌കനാണ് പൊലീസിന് ഫോണ്‍ ചെയ്തത്. എന്നാല്‍ ഇയാള്‍ പറയുന്നത് പൂര്‍ണ്ണമായി മനസ്സിലാകാതിരുന്ന പൊലീസ് സ്ഥലത്തെത്തിയതോടെയാണ് ഞെട്ടിയത്. 

ഏതാണ്ട് ഒരു കയ്യില്‍ ഉള്‍ക്കൊള്ളാന്‍ മാത്രം വലിപ്പമുള്ള അണ്ണാന്‍ കുഞ്ഞായിരുന്നു ഏറെ നേരമായി അയാളെ തെരുവിലൂടെ ഓടിച്ചത്. എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയും മുമ്പ് തന്നെ അയാള്‍ പേടിച്ചുപോയി. അണ്ണാന്‍ കുഞ്ഞാണെങ്കില്‍ ഇയാളെ വിടാനും ഒരുക്കമല്ലായിരുന്നു. 

കാറിലെത്തിയ പൊലീസ് ഇയാളെ സമാധാനിപ്പിച്ച് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. അപ്പോഴേക്കും ഏറെ ദൂരം ഓടിയ ക്ഷീണത്തില്‍ അണ്ണാന്‍ കുഞ്ഞ് റോഡില്‍ തന്നെ കിടന്ന് മയങ്ങാന്‍ തുടങ്ങിയിരുന്നു. അമ്മയെ നഷ്ടപ്പെട്ടതോടെ തെരുവിലൊറ്റയ്ക്കായ അണ്ണാന്‍ കുഞ്ഞ് രക്ഷയ്ക്ക് വേണ്ടിയായിരുന്നു അയാള്‍ക്ക് പിറകെ ഓടിയത്. എന്നാല്‍ കാര്യം മനസ്സിലാകാതിരുന്നതോടെ അയാള്‍ പേടിക്കുകയായിരുന്നു. 

പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാര്‍ കൗതുകത്തോടെയും സ്‌നേഹത്തോടെയും അണ്ണാന്‍ കുഞ്ഞിനെ ഏറ്റെടുത്തു. ഇപ്പോള്‍ ഒരു മൃഗസംരക്ഷണ കേന്ദ്രത്തില്‍ സുഖചികിത്സയിലാണ് കാള്‍ ഫ്രെഡറിക് എന്ന പൊലീസുകാരുടെ സ്വന്തം അണ്ണാന്‍ കുഞ്ഞ്. അമ്മയെ നഷ്ടപ്പെടുമ്പോള്‍ ചിലയിനം മൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ മനുഷ്യരുടെ പിറകെ രക്ഷയ്ക്കായി ഓടുന്നത് പതിവാണെന്ന് സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാരും അറിയിച്ചു. 

click me!