
ബംഗളുരുവില്‍ 10 വയസുകാരനെ പിതാവ് വീട്ടിനുള്ളില്‍വെച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കുട്ടിയുടെ അമ്മ സര്‍വ്വീസ് സെന്ററില്‍ നല്‍കിയപ്പോഴാണ് കുട്ടിക്ക് നേരെ നടന്ന ക്രൂരമായ മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത്. സംഭവത്തില്‍ വെസ്റ്റ് ബംഗളുരുവിലെ ഗ്ലോബല്‍ വില്ലേജ് സ്വദേശിയായ മഹേന്ദ്ര കുമാര്‍ എന്നയാളെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു.
പ്ലംബിങ് ജോലികള്‍ ചെയ്ത് ജീവിക്കുന്ന മഹേന്ദ്രകുമാര്‍ മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ വയര്‍ കൊണ്ടും പിന്നീട് ബെല്‍റ്റുകൊണ്ടും ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ദേഷ്യം സഹിക്കാന്‍ വയ്യാതെ മകനെ കട്ടിലിലേക്ക് പലതവണ എടുത്തെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന ഇയാളുടെ ഭാര്യ ഇതിന് പ്രോത്സാഹനവും നല്‍കുന്നുണ്ട്. സ്വകാര്യ സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി, ദമ്പതികളുടെ ഒരേ ഒരു മകനാണ്.
നവംബര്‍ 17നാണ് സംഭവം നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മകന്‍ കളവ് പറയുന്നുവെന്ന് മഹേന്ദ്രകുമാറിന്റെ ഭാര്യ പരാതി പറഞ്ഞതോടെയാണ് മര്‍ദ്ദനം തുടങ്ങിയത്. റൂമില്‍ ഇരിക്കുകയായിരുന്ന മകന്റെ അടുത്ത് ചെന്ന് ആദ്യം എന്തിനാണ് കളവ് പറയുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ കളവ് പറഞ്ഞിട്ടില്ലെന്നായിരുന്നു കുട്ടിയുടെ മറുപടി. ഇത് കേട്ട് ക്ഷുഭിതനായ ഇയാള്‍ മൊബൈല്‍ ചാര്‍ജ്ജറിന്റെ വയര്‍ ഉപയോഗിച്ചും പിന്നീട് ബെല്‍റ്റ് ഉപയോഗിച്ചും മര്‍ദ്ദിച്ചു. ഇനി കളവ് പറയുമോ എന്ന ചോദ്യത്തിന് കരഞ്ഞുകൊണ്ട് കുട്ടി പറയില്ലെന്ന് മറുപടി കൊടുക്കുന്നുണ്ടെങ്കിലും മര്‍ദ്ദനം നിര്‍ത്തുന്നില്ല.ഇടയ്ക്ക് കുട്ടിയെ വലിച്ച് നിലത്തിന് കാലുകൊണ്ട് പലവട്ടം തൊഴിക്കുന്നതും കാണാം. ശേഷം വീണ്ടും എടുത്തുയര്‍ത്തി കുട്ടിയെ മര്‍ദ്ദിക്കുന്നു.
കുട്ടി വീണ്ടും കളവ് പറയുമ്പോള്‍ പേടിപ്പിക്കാനെന്ന പേരില്‍ അമ്മ തന്നെയാണ് മര്‍ദ്ദനം മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിച്ചത്. അടുത്തിടെ ഫോണ്‍ തകരാറിലായപ്പോള്‍ കടയില്‍ നല്‍കിയപ്പോഴാണ് വീഡിയോ പുറത്തായത്. ഫോണ്‍ പരിശോധിച്ച ടെക്നീഷ്യന്‍ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ജുവനൈല്‍ നിയമപ്രകാരം മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam