
ഭോപ്പാൽ: പ്രണയദിനമായ ഫെബ്രുവരി 14ന് ട്രാൻസ്ജെൻഡർ യുവതിയെ വിവാഹം കഴിച്ച് യുവാവ്. മധ്യപ്രദേശ് സ്വദേശിയായ ജുനൈദ് ഖാൻ ആണ് ട്രാൻസ്ജെൻഡർ യുവതിയായ ജയ സിംഗ് പർമാറിനെ വിവാഹം കഴിച്ചത്. തന്റെ കുടുംബം തങ്ങളെ സ്വീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് വിവാഹത്തിനു ശേഷം ജുനൈദ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഒരുവർഷം മുന്‍പാണ് ജുനൈദ് യുവതിയുമായി പ്രണയത്തിലാകുന്നത്. തുടർന്ന് വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കളുടെ പക്ഷത്തു നിന്നും ബന്ധുക്കൾക്കിടയിൽ നിന്നും വലിയ എതിർപ്പുകളാണ് ജുനൈദിന് നേരിടേണ്ടി വന്നത്. എന്നാൽ അവയൊന്നും വകവെയ്ക്കാതെ ജുനൈദ്, ജയ സിംഗിനെ തന്റെ ജീവിതത്തിലേയ്ക്ക് ഒപ്പം കൂട്ടുകയായിരുന്നു. 'എന്റെ കുടുംബം ഞങ്ങളെ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിലും ഞാൻ അവൾക്കൊപ്പം നിൽക്കും. ഞാൻ അവളെ അത്രയധികം സ്നേഹിക്കുന്നു. എന്നോടൊപ്പം അവൾ എല്ലാക്കാലവും സന്തോഷവതിയായിരിക്കും'-ജുനൈദ് പറഞ്ഞു. മുസ്ലിം ആചാരമനുസരിച്ചായിരുന്നു ഇരുവരുടെയും വിവാഹം.
അതേസമയം, സാധാരണക്കാരനായ ഒരു യുവാവ് ട്രാൻസ്ജെൻഡർ ആയിട്ടുള്ള വ്യക്തിയെ വിവാഹം കഴിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ജയ സിംഗ് പർമാർ പറഞ്ഞു. അസാധാരണമായ സംഭവമായിട്ടാണ് സമൂഹം ഇതിനെ നോക്കിക്കാണുന്നത്. അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ എതിർപ്പ് ഉയർത്തിയിട്ടും തന്നെ വിവാഹം കഴിക്കാൻ അദ്ദേഹം മനസ് കാണിച്ചു. അവർ താമസിയാതെ തന്നെ തങ്ങളെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയ സിംഗ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam