വിവാഹമോചനം വേണം, കാരണം കേട്ട കോടതി ഹര്‍ജി ചവറ്റുകുട്ടയിലിട്ടു

By Web DeskFirst Published Mar 2, 2018, 4:07 PM IST
Highlights
  • വൈകിയാണ് ഉറക്കമുണരുന്നത്, സ്വാദിഷ്ഠമായ ആഹാരങ്ങള്‍ പാകം ചെയ്ത് നല്‍കുന്നില്ല
  • ബാലിശമായ കാരണങ്ങള്‍ നിരത്തി സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി കോടതി തള്ളി

മുംബൈ: ബാലിശമായ കാരണങ്ങള്‍ കാണിച്ച് വിവാഹ മോചനം തേടിയ ഭര്‍ത്താവിന്‍റെ ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി. വൈകിയാണ് ഉറക്കമുണരുന്നത്,സ്വാദിഷ്ഠമായ ആഹാരങ്ങള്‍ പാകം ചെയ്ത് നല്കുന്നില്ല, ജോലി വിട്ട് വന്നാലുടന്‍ കിടന്നുറങ്ങാറുണ്ട് എന്നീ കാരണങ്ങള്‍ നിരത്തി സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ ബാലിശമാണെന്നും അവ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തക്കകാരണമല്ലെന്നും കോടതി വിലയിരുത്തി.

അച്ഛന്‍റെ സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്. വിവാഹ മോചന ഹര്‍ജി ആദ്യം കുടുംബക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ജോലിക്കാരിയായ ഭാര്യ വൈകുന്നേരം വീട്ടില്‍ വന്നശേഷം കിടന്നുറങ്ങുമെന്നും അത്താഴം പാകം ചെയ്യുന്നത് രാത്രി 8.30 ഒാടെയാണെന്നുമായിരുന്നു ഹര്‍ജിയിലെ ഒരു ആരോപണം. രുചികരമായ ഭക്ഷണം പാചകം ചെയ്യുന്നില്ലെന്നും. തന്റെ ഒപ്പം സമയം ചെലവഴിക്കുന്നില്ലെന്നും താന്‍ ജോലി കഴിഞ്ഞ് വൈകി എത്തുന്ന ദിവസങ്ങളില്‍ ഒരു ഗ്ലാസ് വെള്ളം പേലും തരാറില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. 

എന്നാല്‍, യുവാവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ഭാര്യ നിഷേധിച്ചു. ജോലിക്ക് പോകുന്നതിനുമുൻപ് എല്ലാവര്‍ക്കുംവേണ്ട ഭക്ഷണം ഉണ്ടാക്കിയിട്ടാണ് പോകുന്നതെന്ന് യുവതി കോടതിയോട് പറഞ്ഞു. തെളിവായി അയല്‍ക്കാരുടെയും ബന്ധുക്കളുടെയും സത്യവാങ്മൂലവും സമര്‍പ്പിച്ചു. മാത്രമല്ല, ഭര്‍ത്താവും മാതാപിതാക്കളും തന്നെ ഉപദ്രവിക്കാറുണ്ടെന്നും യുവതി കോടതിയില്‍ ആരോപിച്ചു. ജോലിഭാരവും വീട്ടിലെ ഉത്തരവാദിത്തവും ഒരുപോലെ നിര്‍വ്വഹിക്കുന്ന ഭാര്യയുടെയൊപ്പമാണ് ന്യായവും നീതിയുമെന്ന് കോടതി പറഞ്ഞു.
 

click me!