
സിംഗപ്പൂർ: പൂച്ചക്കുട്ടികളെ ട്രൗസറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാളെ സിംഗപ്പൂർ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി. നാല് പൂച്ചകുട്ടികളെയാണ് ഒളിപ്പിച്ച നിലയിൽ 45ക്കാരന്റെ ട്രൗസറിനുള്ളിൽനിന്ന് ഉദ്യോഗസ്ഥർ പിടികൂടിയത്. മലേഷ്യയിൽനിന്ന് അതിർത്തി കടന്ന് സിംഗപ്പൂരിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ അധികൃതർ പിടികൂടുന്നത്.
സിംഗപ്പൂർ-മലേഷ്യൻ അതിർത്തിയിലെ ചെക്ക് പോസ്റ്റിന് സമീപം യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ പരിശോധിക്കുന്നതിനായി നിർത്തിയപ്പോഴാണ് സംഭവം. കാർ പരിശോധിക്കുന്നതിനിടയിലാണ് കാറിൽനിന്ന് പൂച്ചകുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ യുവാക്കളിൽ ഒരാളുടെ ട്രൗസറിൽനിന്നാണ് പൂച്ചകുട്ടിയുടെ കരച്ചിൽ കേൾക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
സിഗരറ്റ് അടക്കമുള്ളവ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുന്നത് പതിവാണ്. എന്നാൽ പൂച്ചകുട്ടികളെ കടത്തുന്നത് ആദ്യത്തെ സംഭവമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പിടികൂടിയ പൂച്ചകുട്ടികൾ സുരക്ഷിതരാണെന്ന് കേസ് അന്വേഷിക്കുന്ന വെറ്റിനറി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ എന്തിനാണ് പൂച്ചകുട്ടികളെ കടത്തി സിംഗപ്പൂരിലേക്ക് കൊണ്ടുവന്നതെന്ന് വ്യക്തമല്ലെന്നും അവയെ വളർത്തുമൃഗമെന്ന രീതിയിൽ രാജ്യത്ത് വിൽക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മൃഗങ്ങളെ കടത്തുന്നത് സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഒരു വർഷം വരെ ജയിൽ ശിക്ഷയും അഞ്ച് ലക്ഷത്തോളം രൂപ പിഴയും ലഭിച്ചേക്കുമെന്നാണ് സൂചന . നിബന്ധനകള്‍ പാലിക്കിതെ സിംഗപ്പൂരിൽ പൂച്ചകളെ കൊണ്ടുവരാന്‍ സാധിക്കില്ല. അവ ലംഘിച്ചാൽ കടുത്ത ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരും. പൂച്ചകളെ ഇറക്കുമതി ചെയ്യാനുള്ള ലൈസൻസ്, ഹെൽത്ത് സർട്ടിഫിക്കറ്റ് അടക്കമുള്ളവ നിർബന്ധമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam