മാന്ദാമംഗലം പള്ളിസംഘർഷം: കർശനനിർദേശവുമായി കളക്ടർ, ഇരുകൂട്ടരും പള്ളിയിൽ നിന്ന് മാറണം

Published : Jan 18, 2019, 03:59 PM IST
മാന്ദാമംഗലം പള്ളിസംഘർഷം: കർശനനിർദേശവുമായി കളക്ടർ, ഇരുകൂട്ടരും പള്ളിയിൽ നിന്ന് മാറണം

Synopsis

മാന്ദാമംഗലം പള്ളിയിലെ സംഘർഷം അവസാനിപ്പിക്കാൻ തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ കർശനനിർദേശം.

തൃശ്ശൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ നിന്ന് ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ മാറണമെന്ന് ജില്ലാ കളക്ടർ ടി വി അനുപമ നിർദേശം നൽകി. ഇന്നലെ അർധരാത്രി ഉണ്ടായ സംഘർഷത്തിന്റെയും കല്ലേറിന്റെയും സാഹചര്യത്തിലാണ് കളക്ടറുടെ കർശനനിർദേശം. ഇരുവിഭാഗങ്ങളുമായി കളക്ടർ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പള്ളിയിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാൻ തീരുമാനിച്ചത്.

സംഘർഷത്തിൽ പൊലീസ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസാണ് ഒന്നാംപ്രതി. പള്ളിയ്ക്കകത്ത് ഇപ്പോഴും സ്ത്രീകളടക്കം നൂറോളം പേരുണ്ട്. അവർ പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

പള്ളിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതേച്ചൊല്ലിയുള്ള കോടതിവിധിയെക്കുറിച്ചോ ഇന്ന് ചർച്ച നടത്തില്ലെന്ന് നേരത്തേ കളക്ടർ വ്യക്തമാക്കിയിരുന്നു. ഇവിടെ ഇന്നലെ രാത്രി ഉണ്ടായ സംഘർഷത്തെക്കുറിച്ച് മാത്രമാണ് ചർച്ചയെന്നും കളക്ടർ വ്യക്തമാക്കി.

ഇന്നലെ രാത്രി 12 മണിയോടെ ഓർത്തഡോക്സ് വിഭാഗം ​ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. സമരപ്പന്തൽ പൊലീസ് പൂർണ്ണമായും ഒഴിപ്പിച്ചു. സംഘർഷത്തിൽ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയോസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

ഇരു വിഭാഗങ്ങളും തമ്മിൽ രാത്രി രൂക്ഷമായ‌ കല്ലേറ് നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം, സംഘർഷത്തിന് കാരണം പൊലീസിന്‍റെ വീഴ്ചയാണെന്ന് ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസ് ആരോപിച്ചു. സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസിന്‍റെ വീഴ്ചയാണിത്. കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹനസമരം നടത്തിയ 26 പേര്‍ അറസ്റ്റിലാണെന്നും സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂഹനാൻ മാർ മിലിത്തിയോസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ
ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്; വെട്ടിയ വോട്ട് തിരികെ പിടിച്ച് പോരാടി, 25 കൊല്ലത്തിന് ശേഷം മുട്ടടയിൽ യുഡിഎഫ് കൗൺസിലര്‍