'ഈ പട്ടിക കൊടുത്തവന്‍ ആന മണ്ടന്‍, കനക ദുര്‍ഗയും ബിന്ദുവും ഭാവി മാളികപ്പുറങ്ങള്‍': എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രാഹുല്‍ ഈശ്വര്‍

By Web TeamFirst Published Jan 18, 2019, 3:15 PM IST
Highlights

കനക ദുര്‍ഗയ്ക്കും ബിന്ദുവിനും സംരക്ഷണം നല്‍കുന്നതില്‍ ഒരു എതിര്‍പ്പുമില്ല അവര്‍ക്ക് ജീവന് ഭയമുണ്ടെങ്കില്‍ സംരക്ഷണം നല്‍കുന്നതില്‍ ഒരു തെറ്റുമില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അവരോട് വ്യക്തിപരമായി ഒരു എതിര്‍പ്പുമില്ല തന്നെയുമല്ല അവര്‍ ഭാവി മാളികപ്പുറങ്ങളാണ്. അമ്പത് വയസ് പിന്നിട്ട് അവര്‍ അവിടെ എത്തുമ്പോള്‍ താനടക്കം അവര്‍ക്ക് പാദപൂജ ചെയ്യേണ്ടവരാണെന്നും രാഹുല്‍

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഇതുവരെ 51 യുവതികൾ മല കയറിയെന്ന സംസ്ഥാനസർക്കാർ വാദം കള്ളത്തരമാണെന്ന് അയ്യപ്പ ധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ.  എന്തൊരു കള്ളമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറയുന്നതെന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ കള്ളം പറയുന്നതിനല്ലേ ഫാസിസത്തിന്റെ കുളമ്പടി ശബ്ദമെന്ന് പറയേണ്ടതെന്ന് രാഹുല്‍ പറഞ്ഞു. 

യുവതിപ്രവേശന വിഷയത്തില്‍ പല അഭിപ്രായമുണ്ടാവാം എന്നാല്‍ അതിന്റെ പേരില്‍ ഔദ്യോഗികമായ കാര്യങ്ങളില്‍ എങ്ങനെയാണ് ഇത്തരത്തില്‍ കള്ളം പറയാന്‍ സര്‍ക്കാരിന് സാധിക്കുക. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം കള്ളത്തരം പറയുകയാണ്. ശ്രീലങ്കന്‍ യുവതിയുടെ കാര്യത്തില്‍ പിണറായി വിജയന് തെറ്റു പറ്റിയതാവാമെന്നാണ് പലരും  പറഞ്ഞത് എന്നാല്‍ സുപ്രീം കോടതിയില്‍ ഇന്ന് നടന്നത് അങ്ങനെയല്ല.

പട്ടിക തയ്യാറാക്കിയത് പിണറായി വിജയന്‍ അല്ലായിരിക്കാം. പക്ഷേ മുഖ്യമന്ത്രിക്ക് ആ പട്ടികയെക്കുറിച്ച് അറിവില്ലാതിരിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന രേഖ എന്നു പറയുന്നത് സത്യവാങ്മൂലത്തിന് തുല്യമാണ്. അപ്പോള്‍ എങ്ങനെയാണ് അതില്‍ ഇങ്ങനെ കള്ളത്തരം പറയാന്‍ സാധിക്കുകയെന്ന് രാഹുല്‍ ചോദിക്കുന്നു. ഈ പട്ടിക കൊടുത്തവന്‍ ആന മണ്ടനാണ്. മൊബൈല്‍ നമ്പര്‍ അടക്കമാണ് പട്ടിക കൊടുത്തിരിക്കുന്നത്. പട്ടികയില്‍ ഉള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ പലരും അമ്പത് വയസ് കഴിഞ്ഞവരും ചിലര്‍ ശബരിമലയ്ക്ക് പോയിട്ടില്ലാത്തവര്‍ കൂടിയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

സര്‍ക്കാര്‍ കള്ളം പറഞ്ഞതില്‍ ദേവസ്വം മന്ത്രി ഇപ്പോള്‍ തന്നെ മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ്. പട്ടികയില്‍ ഉള്ളവര്‍ അവിടെ ചെന്നവരാണ് അവര്‍ ദര്‍ശനം നടത്തിയോയെന്ന് അറിയില്ലെന്നാണ് കടംകംപള്ളി പ്രതികരികക്കുന്നത്.  ഇടതോ വലതോ ബിജെപിയോ സര്‍ക്കാര്‍ ഏതും ആയിക്കോട്ടെ പക്ഷേ ഇത്തരത്തില്‍ സുപ്രീം കോടതിയില്‍ കള്ളത്തരം പറയുന്നത് ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. എന്നെ വിശ്വസിക്കണ്ട ആ പട്ടികയില്‍ ഉള്ള ആളുകളെ വിളിച്ച് നോക്കണം. അപ്പോള്‍ വസ്തുതകള്‍ വെളിവാകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

കനക ദുര്‍ഗയ്ക്കും ബിന്ദുവിനും സംരക്ഷണം നല്‍കുന്നതില്‍ ഒരു എതിര്‍പ്പുമില്ല അവര്‍ക്ക് ജീവന് ഭയമുണ്ടെങ്കില്‍ സംരക്ഷണം നല്‍കുന്നതില്‍ ഒരു തെറ്റുമില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അവരോട് വ്യക്തിപരമായി ഒരു എതിര്‍പ്പുമില്ല തന്നെയുമല്ല അവര്‍  ഭാവി മാളികപ്പുറങ്ങളാണ്. അമ്പത് വയസ് പിന്നിട്ട് അവര്‍ അവിടെ എത്തുമ്പോള്‍ താനടക്കം അവര്‍ക്ക് പാദപൂജ ചെയ്യേണ്ടവരാണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ തന്ത്രി ജാതീയപരമായി അധിക്ഷേപിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ തിരുകി കയറ്റാനായിരുന്നു ഇവരുടെ ശ്രമം അത് കോടതി തന്നെ തടഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. ദേശീയതലത്തിലെ സാഹചര്യം ഇപ്പോള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

ദൈവദോഷം എന്നത് പോട്ടെ സുപ്രീം കോടതിയും ഭരണഘടനയേ എങ്കിലും മാനിക്കണ്ടേയെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. എങ്ങനെയെങ്കിലും കേസ് ജയിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം കള്ളത്തരം പറയുകയാണ് സര്‍ക്കാര്‍ എന്നും രാഹുല്‍ ആരോപിച്ചു. 

click me!