
പമ്പ: ശബരിമല ദർശനം നടത്താൻ ആഗ്രഹം അറിയിച്ച് എത്തിയ മുപ്പത്തിയെട്ടുകാരിയായ യുവതിക്ക് സുരക്ഷ ഒരുക്കാൻ പൊലീസ് തീരുമാനിച്ചു. വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചു. പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മലകയറണം എന്ന തീരുമാനത്തിൽ മഞ്ജു ഉറച്ചുനിൽക്കുകയായിരുന്നു. താൻ വ്രതം എടുത്തുവന്ന വിശ്വാസിയാണെന്നും സന്നിധാനത്ത് എത്തി അയ്യപ്പദർശനം നടത്തണമെന്നും മഞ്ജു ആവർത്തിച്ചു. അതോടെ സുരക്ഷ ഒരുക്കുകയല്ലാതെ പൊലീസിന് മറ്റ് മാർഗ്ഗമില്ലാതെയായി. ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്. 100 പേരടങ്ങുന്ന സംഘം ആണ് മഞ്ജുവിന് സുരക്ഷ ഒരുക്കുന്നത്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകില്ല എന്നും സൂചന ഉണ്ട്.
ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത്, എഡിജിപി അനിൽ കാന്ത്, സന്നിധാനത്തിന്‍റെ പ്രത്യേക ചുമതലയുള്ള എസ്പി ദേബേഷ് കുമാർ ബഹ്റ എന്നിവർ കൂടിയാലോചനകൾ നടത്തി സുരക്ഷ വിലയിരുത്തി. തുടർന്ന് പൊലീസ് സുരക്ഷയിൽ മഞ്ജുവിനെ സന്നിധാനത്തേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. നൂറിലേറെ വരുന്ന പൊലീസ് സംഘം പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയിൽ മഞ്ജുവിന് സുരക്ഷയൊരുക്കും. പമ്പയിലും കാനനപാതയിലും സന്നിധാനത്തും വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വനിതാ പൊലീസിന്‍റെ ഒരു ബറ്റാലിയനും പമ്പയിൽ തയ്യാറായി നിൽക്കുന്നുണ്ട്. പോകാൻ കഴിയുന്നത്രയും മഞ്ജുവുമായി പോവുക, പ്രതിഷേധം കനക്കുകയും മുന്നോട്ട് പോകാൻ സാധ്യമല്ലാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്താൽ യുവതിയെ സാഹചര്യങ്ങൾ പറഞ്ഞ് മനസിലാക്കി അനുനയിപ്പിച്ച് തിരികെ കൊണ്ടുവരുക എന്നാണ് പൊലീസിന്‍റെ തീരുമാനം. വാർത്ത അറിഞ്ഞതോടെ വലിയ നടപ്പന്തലിലേക്ക് പ്രതിഷേധങ്ങളും കേന്ദ്രീകരിച്ചു.
തുലാമാസ പൂജയ്ക്ക് നട തുറന്നതിന് ശേഷം മല കയറാനെത്തിയ അഞ്ചാമത്തെ യുവതിയാണ് മഞ്ജു. ആദ്യം ശബരിമല ചവിട്ടാനെത്തിയ ആലപ്പുഴ അർത്തുങ്കൽ സ്വദേശി ലിബിക്ക് പ്രതിഷേധത്തെ തുടർന്ന് പമ്പയിലെത്താൻ പോലും കഴിഞ്ഞില്ല. ആന്ധ്ര സ്വദേശി മാധവി പരമ്പരാഗത കാനനപാതയിൽ അൽപ്പദൂരം മുന്നോട്ടുപോയപ്പോഴേക്കും പ്രതിഷേധക്കാർ യാത്ര തടസപ്പെടുത്തി. ന്യൂയോർക്ക് ടൈംസ് ഏഷ്യാ പസഫിക് റിപ്പോർട്ടറായ സുഹാസിനി റാവുവിന് മരക്കൂട്ടത്തിന് സമീപം എത്തിയപ്പോഴേക്കും പ്രതിഷേധക്കാർ യാത്ര മുടക്കി. തിരുവന്തപുരം സ്വദേശി മേരി സ്വീറ്റി ശബരിമല കയറാൻ ആഗ്രഹം പ്രകടിപ്പിച്ച് പമ്പയിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങി. അസാധാരണ സുരക്ഷയിൽ മലകയറിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, മോജോ ടിവി റിപ്പോർട്ടർ കവിത എന്നിവർക്ക് വലിയ നടപ്പന്തലിന് സമീപം വരെ എത്താനായെങ്കിലും പിന്നീട് വൻ പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam