പുതിയ കേരളം ചലഞ്ച് ഏറ്റെടുത്ത് കൂടുതല്‍ പ്രമുഖര്‍

By Web TeamFirst Published Aug 27, 2018, 1:06 PM IST
Highlights

പ്രളയദുരിതത്തില്‍ തകര്‍ന്ന കേരളത്തെ പുതുക്കി പണിയുക ലക്ഷ്യം മുന്‍നിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പുതിയ കേരളം സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് ലോകമെമ്പാടുമുള്ള മലയാളികളോട് ഒരു മാസത്തെ ശമ്പളം നവകേരളം നിര്‍മ്മാണത്തിനായി നീക്കിവയ്ക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്.

തിരുവനന്തപുരം:പുതിയ കേരളത്തിന്‍റെ നിര്‍മ്മാണത്തിനായി ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഗവര്‍ണര്‍ക്ക് പിന്നാലെ ഏറ്റെടുത്ത് കൂടുതല്‍ പേര്‍. നവകേരള സൃഷ്ടിക്കായി ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിലെ സഹപ്രവര്‍ത്തകരും ഇക്കാര്യം പരിഗണിക്കണമെന്ന് ഡിജിപി ആഹ്വാനം ചെയ്തു. പല സഹപ്രവര്‍ത്തകരും ചലഞ്ച് ഏറ്റെടുത്തതായി വിളിച്ച് പറഞ്ഞു. എല്ലാവരും ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു. പൊലീസിലെ പല സംഘടനകളും പ്രത്യക്ഷമായും അല്ലാതെയും സഹായങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇനി കുറച്ച് അധികം പ്ലാന്‍ ചെയ്ത് സഹായങ്ങള്‍ നല്‍കണം. 

ഒരുമാസത്തെ ശമ്പളം നവകേരള സൃഷ്ടിക്കായി നൽകുമെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ്‌ ഹനീഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. അഞ്ചു മാസം കൊണ്ട് പണം കൈമാറും. മെട്രോ റെയിലിലെ ജീവനക്കാരോടും ചലഞ്ച് ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അന്‍വര്‍ സാദത്തും ഒരുമാസത്തെ ശമ്പളം നല്‍കുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!