കുവൈത്തിലെ അൽ അഹ്‍ലി ബാങ്കിൽ നിന്ന് വായ്പയായി വലിയ തുക എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയെന്ന കേസിൽ 12 മലയാളികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി: കുവൈത്തിലെ അൽ അഹ്‍ലി ബാങ്കിൽ നിന്ന് വായ്പയായി വലിയ തുക എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയെന്ന കേസിൽ 12 മലയാളികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന ബാങ്കിന്‍റെ ചീഫ് കൺസ്യൂമർ ഓഫീസർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ ഉത്തരവ്. പ്രതികളിൽ ചിലർ 61 ലക്ഷം മുതൽ 1.17 കോടി രൂപ വരെ കബളിപ്പിച്ചെന്നാണ് ആരോപണം. വായ്പയായി ലഭിച്ച പണം ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം ഇവർ കുവൈത്ത് വിട്ടതായും അന്വേഷണത്തിൽ വ്യക്തമാകുന്നു. പലരും നിലവിൽ മറ്റ് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, അയർക്കുന്നം, വെള്ളൂർ, കടുത്തുരുത്തി, വൈക്കം, തലയോലപ്പറമ്പ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ പോത്താനിക്കാട്, കോതമംഗലം, അങ്കമാലി, പുത്തൻകുരിശ് സ്റ്റേഷനുകളിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുമിത മേരി സാം, ജോജോ മാത്യു, ടോണി പൂവേലിൽ ലൂക്കോസ്, റോബി മാത്യു, സിജോമോൻ ഫിലിപ്പ്, റെജിമോൻ ഫിലിപ്പ്, ജിഷ വർഗീസ്, പ്രിയദർശ് മാമ്പള്ളിൽ വാസവൻ, ബിബിൻ കുര്യാക്കോസ്, ലിസി ഷാജി, ടോണി പറോക്കാരൻ ജോണി, അനൂപ് ജോൺ കാവനാൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ വഞ്ചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പായതിനാൽ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും. ഹർജിക്കാരനായി അഡ്വ. തോമസ് ജെ. ആനക്കല്ലുങ്കൽ ഹാജരായി.

YouTube video player