
കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ തോക്കേന്തിയ മാവോയിസ്റ്റുകൾ പ്രകടനം നടത്തി. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് ഇറങ്ങി വന്ന സംഘത്തിൽ ഒരു വനിത അടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകൾ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്.
വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയിൽ ആയുധധാരികളായ ഒമ്പതംഗ മാവോവാദി സംഘമെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ മൂന്ന് പേർ സ്ത്രീകളായിരുന്നു.
പോസ്റ്ററുകൾ പതിച്ചതിനൊപ്പം ഇവര്‍ ലഘുലേഖകൾ പ്രദേശവാസികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. കടയിൽ നിന്നും അരിയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയാണ് ഇവർ മടങ്ങിയത്. മാവോവാദി സംഘം കടയിലെത്തുമ്പോൾ കുറച്ചു പേർ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
മലയാളത്തിലാണ് ഇവർ സംസാരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സാധനങ്ങളുടെ പേരുകൾ എഴുതിയ കുറിപ്പുമായാണ് ഇവർ കടയിലെത്തിയത്. ആവശ്യമായ സാധനങ്ങൾ എടുത്ത ശേഷം 1,200 രൂപ കടയുടമയ്ക്ക് സംഘം നൽകി.ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്നാണ് പോസ്റ്ററിലുള്ളത്. കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികളാണ് വിതരണം ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam