പുതുപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം; കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പോസ്റ്റര്‍

By Web TeamFirst Published Sep 7, 2018, 11:37 PM IST
Highlights

ചുരം ബൈപ്പാസ് റോഡിലെ മുപ്പതേക്ര ജംഗ്ഷനിൽ വ്യാഴാചയാണ് പോസ്റ്ററുകൾ കണ്ടെത്തിയത്. സിപിഐ മാവോയിസ്റ്റ് കബനി ബ്രാഞ്ച് കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. 

കോഴിക്കോട്: പുതുപ്പാടി മേഖലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമാകുന്നു. പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് കൊണ്ട് സിപിഐ മാവോയിസ്റ്റ് എന്നെഴുതിയ പോസ്റ്ററുകൾ കണ്ടെത്തി. പരപ്പൻപാറയിൽ കഴിഞ്ഞ ദിവസം സായുധരായ മാവോയിസ്റ്റുകൾ എത്തിയതിന് തൊട്ടു പിന്നാലെയാണിത്. 

ചുരം ബൈപ്പാസ് റോഡിലെ മുപ്പതേക്ര ജംഗ്ഷനിൽ വ്യാഴാചയാണ് പോസ്റ്ററുകൾ കണ്ടെത്തിയത്. സിപിഐ മാവോയിസ്റ്റ് കബനി ബ്രാഞ്ച് കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. കേരളത്തിലുണ്ടായ പ്രളയത്തിന് കാരണക്കാരായ സാമ്രാജ്യത്വ ശക്തികളെയും ദല്ലാൾ മേധാവിത്വ മുതലാളിത്തത്തെയും പ്രകൃതിയെ കൊള്ളയടിക്കാൻ ഇവരെ പിന്താങ്ങുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളെയും തള്ളിക്കളയാമെന്നും പുത്തൻ ജനാധിപത്യ വിപ്ലവത്തെ വിജയിപ്പിക്കാമെന്നുമാണ് പോസ്റ്ററിലെ വരികൾ. ജനകീയ വിമോചന ഗറില്ലാ സേന കബനി ദളത്തിന്‍റെ വാർത്ത ബുള്ളറ്റിൻ ആയ കാട്ടുതീയുടെ താളുകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുത്തു. 

മട്ടിക്കുന്ന് പരപ്പൻപാറ പുളിക്കത്തടത്തില്‍ സ്‌കറിയയുടെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് സായുധരായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. സംഭവത്തിൽ യുഎപിഎ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി പോലീസ് തിരയുന്ന ചന്ദ്രു, കാര്‍ത്തിക്, ലത, ജിഷ എന്നിവരാണ് ഇവിടെ എത്തിയതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഒരു മാസം മുപും മട്ടിക്കുന്ന് പ്രദേശത്തെ വീടുകളില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം നടക്കുകയാണ്. തണ്ടർബോൾട്ട് സേനയെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തിരച്ചില്‍ തുടരുമെന്ന് താമരശേരി ഡിവൈഎസ്പി പറഞ്ഞു. 
 

click me!