രണ്ടാം മാറാട് കൂട്ടക്കൊല: ഗൂഡാലോചന അന്വേഷിക്കാമെന്ന് സിബിഐ

By Web DeskFirst Published Aug 11, 2016, 12:48 AM IST
Highlights

ഹൈക്കോടതിയിൽ സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പതിറ്റാണ്ടായി തുടരുന്ന നയം സിബിഐ മാറ്റിയത്. 2003 മേയ് 2 നടന്ന മാറാട് കൂട്ടക്കൊലപാതകത്തിന് പിന്നിലെ വലിയ  ഗൂഡാലോചനയെപ്പറ്റി  അന്വേഷിക്കാൻ തയാറാണെന്നാണ് രണ്ടുപേജുളള റിപ്പോർട്ടിലുളളത്. 

സംസ്ഥാന സർക്കാർ  നിയോഗിച്ച ജസ്റ്റീസ് തോമസ്  പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ തന്നെ വലിയ ഗൂഡാലോചന സംശയിക്കുന്ന സാഹചര്യത്തിലും കേന്ദ്ര ഏജൻസികളുടെ സംയുക്താന്വേഷണം വേണം എന്ന് ശുപാർശയുളളതിനാലും കേസ് ഏറ്റെടുക്കാൻ വിരോധമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. 
എന്നാൽ മാറിയ കേന്ദ്രഭരണം തന്നെയാണ് സിബിഐയുടെ പുതിയ നിലപാടിന് കാരണമെന്നാണ് വിലയിരുത്തേണ്ടത്. കൂട്ടക്കൊലപാതകത്തിന് പിന്നാലെ 2003ൽത്തന്നെ   സിബിഐ അന്വേഷാണാവശ്യം ഉയർന്നെങ്കിലും അന്നത്തെ യു‍ഡിഎഫ് സർക്കാർ സമ്മതിച്ചില്ല. കേസ് വിശദമായി അന്വേഷിക്കാൻ  വലിയൊരുസംഘത്തെ നിയോഗിച്ചെന്ന് അന്ന് ഐജിയായിരുന്ന മഹേഷ് കുമാർ സിംഗ്ല തന്നെകോടതിയെ അറിയിച്ചു. 

2006ലെ ഇടതുസർക്കാരിന്‍റെ കാലത്ത് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തെങ്കിലും കോൺഗ്രസ് നയിച്ച യുപിഎ സർക്കാർ സമ്മതം മൂളിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിൽ നിന്ന് അനുമതി കിട്ടിയില്ലന്നായിരുന്നു  സിബിഐ നിലപാട്. മുസ്ലീം ലീഗിന്‍റെ രാഷ്ടീയ സമ്മർദ്ദമാണ് യുപിഎ സ‍ർക്കാർ പിന്തിരിയാൻ കാരണമെന്നായിരുന്നു ആരോപണം. 

എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം എ ന്നതായിരുന്നു എക്കാലവും സംസ്ഥനത്തെ ബിജെപി നിലപാട്. മോഡി സർക്കാർ അധികാരം ഏറ്റതോടെയാണ് കോഴിക്കോട് സ്വദേശിയും വ്യവഹാരിയുമായി കോളക്കോടൻ മൂസാഹാജിയുടെ ഹർജി ഹൈക്കോടതിയിൽ എത്തുന്നതും കേന്ദ്ര സർക്കാരിനായി സിബിഐ വ്യത്യസ്ഥ നിലപാടെടുത്തതും.

click me!