സ്പിരിറ്റു കേസുകളിലെ പ്രതി പത്ത് കിലോ കഞ്ചാവുമായി പിടിയില്‍

By Web DeskFirst Published Jul 12, 2016, 11:25 AM IST
Highlights

കൊല്ലം: നിരവധി സ്പിരിറ്റു കടത്തുകേസുകളിലെ പ്രതി പത്ത് കിലോ കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി സുബ്രമണ്യനാണ് പിടിയിലായത്. 12 കുപ്പി വ്യാജമദ്യവും ഇയാളില്‍ നിന്നും പിടികൂടി.

ഏഴുകോണ്‍ സംസ്‌കൃത സ്‌കൂളിന് സമീപം എക്‌സൈസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതിയെ പിടികൂടിയത്. കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി തെക്കെവിള പുത്തന്‍ വീട്ടില്‍ സുപ്രന്‍ എന്ന് വിളിക്കുന്ന സുബ്രമണ്യനാണ് പിടിയിലായത്. വ്യാജമദ്യം കടത്താന്‍ ശ്രമിക്കുകയായിരുന്നു പ്രതി. കൂടുതല്‍ തെളിവെടുപ്പിനായി ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 10 കിലോ കഞ്ചാവ് കണ്ടെത്തിയത്. ചാക്കില്‍ കെട്ടി അടുക്കളയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്.

തിരുവനന്തപുരം കൊല്ലം പാലക്കാട് ജില്ലകളിലായി നിരവധി സ്പിരിറ്റ് കടത്ത് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ആഡംബര വാഹനത്തില്‍ വ്യാജ മദ്യവും മറ്റും കടത്തലാണ് ഇയാളുടെ രീതി. ആദ്യമായാണ് കഞ്ചാവ് കടത്ത് കേസില്‍ പിടിയിലാവുന്നത്. ജയിലില്‍ നിന്നും പരിചയപ്പെട്ട ആളില്‍  നിന്നും കഞ്ചാവ് ലഭിച്ചന്നാണ് പ്രതി പറയുന്നത്. പ്രതിക്ക് കഞ്ചാവ് ലഭിച്ചതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം. കൊല്ലം. തിരുവനന്തപുരം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായി മുമ്പ് കഞ്ചാവ് വിതരണം ചെയ്തിട്ടുണ്ടെന്നും പ്രതി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

click me!